marine in India shooting case ;girona back to italy

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കേന്ദ്രം നിലപാട് മയപ്പെടുത്തുന്നു. കേസിലെ പ്രതിയായ സാല്‍വത്തോറെ ഗിരോണെയെ ഉപാധികളോടെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കാമെന്ന് ഇന്ത്യ. അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ വിചാരണ നടക്കുമ്പോള്‍ സാല്‍വത്തോറെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഇറ്റലി ഉറപ്പു നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖമൂലമുള്ള ഉറപ്പ് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയില്‍ നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു. കേസില്‍ തുടക്കം മുതലേ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. രണ്ടു മലയാളി മത്സ്യബന്ധനത്തൊഴിലാളികള്‍ മരിച്ച കേസായിട്ടും ഇവരെ ഇന്ത്യല്‍ തടവില്‍ പാര്‍പ്പിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
ഇതിനിടെ ട്രൈബ്യൂണല്‍ നിര്‍ദേശിക്കുകയാണെങ്കില്‍ സാല്‍വത്തോറെയെ ഇന്ത്യയില്‍ എത്തിക്കാം എന്ന് നെതെര്‍ലാന്‍ഡ്‌സിലെ ഇറ്റാലിയന്‍ സ്ഥാനപതി അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ അറിയിച്ചു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാല്‍വത്തോറെയും മാസിമിലാനെയും എന്റിക്ക ലെക്‌സി എന്ന കപ്പലില്‍നിന്നു വെടിവച്ചു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയത്.

Top