കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. എന്‍ഐസി സോഫ്റ്റ്‌വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
കോളജിന്റെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാക്കാനും ഇത് ഇടയാക്കി. പരീക്ഷാ കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ വിവാദങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീര്‍ത്തിപ്പെടുത്തിയെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷാ കണ്‍ട്രോളര്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നുവെന്നും ഉത്തരവില്‍ അഭിപ്രായപ്പെടുന്നു. ഭാവിയില്‍ സമാന പിഴവ് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശനമായ താക്കീത് നല്‍കിയിരിക്കുന്നത്. പിഎം ആര്‍ഷോയുടെ പരാതിയില്‍ കോളജ് പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവി അടക്കമുളളവര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.