മാര്‍ക്ക് തട്ടിപ്പ് ; സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സോഫ്റ്റുവെയറിലെ തകരാറടക്കം പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കമ്പ്യൂട്ടര്‍ സെന്ററിലെ ഡാറ്റ സീല്‍ ചെയ്യാന്‍ സര്‍വകലാശാല ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു.

തിരുത്തപ്പെട്ട മാര്‍ക്ക് ഉള്‍പ്പെടെ ഡാറ്റകള്‍ സീല്‍ ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് യൂണിവേഴ്‌സിറ്റിയിലെത്തിയേക്കും. അന്വേഷണവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ നശിപ്പിക്കാതിരിക്കാനും മറ്റു ഡാറ്റകള്‍ യൂണിവേഴ്‌സിറ്റിക്ക് ഉപയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് യൂണിവേഴസ്റ്റി കരുതുന്നത്.

സിന്‍ഡിക്കേറ്റംഗം ഗോപ്ചന്ദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി ഇന്നലെ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍, പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ വിഭാഗത്തിലെ ഏതാനം ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. മാര്‍ക്ക് കൂടിയത് സംബന്ധിച്ച് വിശദീകരണവും കേട്ടു. ഈ കൂടിക്കാഴ്ചയിലാണ് സോഫ്റ്റ് വെയര്‍ തകരാറും കാരണമായിട്ടുണ്ടോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്.

അതേസമയം ആരോപണ ഉയര്‍ന്ന ബി.സി.എ, ബി.കോം പരീക്ഷകളില്‍ മാത്രമല്ല മറ്റു പരീക്ഷകള്‍ക്കും ഈ സോഫ്റ്റുവെയര്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നാണ് കമ്പ്യൂട്ടര്‍ സെന്റര്‍ അധികൃതര്‍ പറയുന്നത്.

Top