സാമൂഹ്യമാധ്യമങ്ങള്‍ ദോഷകരമായി സ്വാധീനിച്ച കുട്ടികളുടെ മാതാപിതാക്കളോട് മാപ്പുപറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്

സാമൂഹ്യമാധ്യമങ്ങള്‍ ദോഷകരമായി സ്വാധീനിച്ച കുട്ടികളുടെ മാതാപിതാക്കളോട് മാപ്പുപറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകളില്‍നിന്ന് കുട്ടികള്‍ക്ക് നേരിലൈംഗിക അതിക്രമങ്ങളും വ്യത്യസ്ത തരത്തിലുള്ള ഭീഷണികളും ചെറുക്കുന്നതില്‍ പരാജയം വന്നുകൊണ്ട് അമേരിക്കന്‍ സെനറ്റിലെ ഹിയറിങ്ങിലായിരുന്നു ക്ഷമ പറച്ചില്‍. മെറ്റ മേധാവിക്ക് പുറമെ ടിക് ടോക്ക്, സ്നാപ്പ്, എക്സ്, ഡിസ്‌കോര്‍ഡ് എന്നിവയുടെ സിഇഒമാരും ബുധനാഴ്ച നടന്ന നാലുമണിക്കൂര്‍ നീണ്ട ഹിയറിങ്ങില്‍ നേരിട്ട് പങ്കെടുത്തിരുന്നു.

പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റുചെയ്യുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ടി സ്ഥാപനങ്ങള്‍ അവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതില്‍ സെനറ്റ് വളരെയധികം നിരാശ പ്രകടിപ്പിച്ചു. ഹിയറിങ്ങിന് ശേഷം, മുറിയിലുണ്ടായിരുന്ന ചില രക്ഷിതാക്കള്‍ പുറത്തിറങ്ങി റാലിയും സംഘടിപ്പിച്ചിരുന്നു. അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്ന ആവശ്യമുന്നയിച്ചായിരുന്നു റാലി.സാമൂഹ്യമാധ്യമ മേധാവികളുടെയും സ്ഥാപനങ്ങളുടെയും കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാമും പറഞ്ഞു. ആളുകളെ കൊല്ലാനുള്ള ഉത്പന്നമാണ് കയ്യിലുള്ളതെന്നും സുക്കര്‍ബര്‍ഗിനെ അഭിസംബോധന ചെയ്ത് ലിന്‍ഡ്സി ആരോപിച്ചു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി എഞ്ചിനീയര്‍മാരെ നിയമിക്കണമെന്ന മെറ്റയുടെ ഉന്നത പോളിസി എക്സിക്യൂട്ടീവിന്റെ അഭ്യര്‍ത്ഥന സുക്കര്‍ബര്‍ഗ് നിരസിച്ചതായി തെളിയിക്കുന്ന ആന്തരിക ഇ മെയിലുകളുടെ പകര്‍പ്പുകളും കമ്മിറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

തന്റെ പിന്നില്‍ ഇരിക്കുന്ന കുടുംബങ്ങളോട് ക്ഷമ ചോദിക്കാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഹോഷ് ഹോലി സുക്കര്‍ബര്‍ഗിനെ ക്ഷണിച്ചതിനെ തുടര്‍ന്നാണ് സെനറ്റില്‍ സന്നിഹിതരായ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഉപദ്രവിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോട് സുക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞത്. ഇങ്ങനെയൊരു അനുഭവത്തിലൂടെ ആരും കടന്നുപോകരുതെന്നും ഇന്‍സ്റ്റഗ്രാം- ഫേസ്ബുക് മേധാവി പറഞ്ഞു. എക്‌സ് സിഇഒ ലിന്‍ഡ യാക്കാരിനോ, സ്‌നാപ്പ് സിഇഒ ഇവാന്‍ സ്പീഗല്‍, ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ, ഡിസ്‌കോര്‍ഡ് സിഇഒ ജേസണ്‍ സിട്രോണ്‍ എന്നിവരും സെനറ്റിലെ രൂക്ഷമായ ചോദ്യങ്ങള്‍ക്ക് വിധേയമായിരുന്നു.

Top