സാംസങ്ങിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ഗ്യാലക്‌സി എസ് 7, എസ് 7 എഡ്ജ് മോഡലുകളാണ് പുറത്തിറക്കിയത്. തുടക്കത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ലഭിക്കുക.
മാര്‍ച്ച് 11 മുതല്‍ വില്‍പനക്കെത്തും. ചൊവ്വാഴ്ച മുതല്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കും. പ്രീ ഓര്‍ഡര്‍ നല്‍കുന്നവരില്‍ ചിലര്‍ക്ക് ഗിയര്‍ വിആര്‍ ഹെഡ്‌സെറ്റും നല്‍കുന്നുണ്ട്.
ഗ്യാലക്‌സി എസ്7നെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം തിരുത്തുന്നതാണ് എസ്7 ഫീച്ചറുകള്‍. എസ് 7, എസ് 7 എഡ്ജിലും 5.1 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ജിയുടെ ജി5 ന്റെ ഡിസ്‌പ്ലേയോടു ഏറെ സാമ്യമുള്ളതാണ് ഗ്യാലക്‌സി പുതിയ ഹാന്‍ഡ്‌സെറ്റുകളുടെയും ഡിസ്‌പ്ലെ.
ഗ്യാലക്‌സി എസ്7 രണ്ടു സ്റ്റോറേജ് വേരിയന്റിലാണ് പുറത്തിറങ്ങിയിരിക്കുന്നത് (32 ജിബി, 64 ജിബി). മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജിബി വരെ ഉയര്‍ത്താന്‍ കഴിയും.
എക്‌സിനോസ് 8890 64 ബിറ്റ് ഒക്ടാകോര്‍ അല്ലെങ്കില്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 820 ക്വാഡ കോര്‍ രണ്ടു വ്യത്യസ്ത പ്രോസസറുകളില്‍ ഈ ഹാന്‍ഡ്‌സെറ്റുകള്‍ ലഭിക്കും.
രണ്ടു മോഡലിലും 4 ജിബി റാം മെമ്മറിയുണ്ട്. ഉപകരണം ചൂടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ദ്രവ്യ ശീതീകരണ സാങ്കേതികതയും പുതിയ ഹാന്‍ഡ്‌സെറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.