കോഴിക്കോട്: സമസ്ത എ.പി വിഭാഗത്തിനു കീഴിലുള്ള കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിലെ വനിതാ പങ്കാളിത്തത്തിൽ വിശദീകരണം തേടി എ.പി സുന്നി വിഭാഗം. കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശ വനിതകൾ അടക്കം പങ്കെടുത്ത സംഭവത്തിലാണ് സംഘാടകരിൽ നിന്ന് വിശദീകരണം ചോദിച്ചത്.
സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു. വനിതാ പങ്കാളിത്തത്തിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചതോടെയാണ് വിശദീകരണം തേടിയത്. മൂന്ന് ദിവസം നീണ്ടു നിന്ന കാലവസ്ഥാ ഉച്ചകോടിയിൽ ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാജ്യങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.