മുംബൈ: രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീഷണി ഓഹരി വിപണിയെയും ബാധിച്ചു. 300ഓളം പോയന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പതിനൊന്നു മണിയോടെ നഷ്ടം ആയിരത്തിലേറെ പോയന്റായി.
രണ്ടര ശതമാനത്തിലേറെയാണ് സൂചികകള്‍ക്ക് നഷ്ടമായത്.
സെന്‍സെക്‌സ് 1240 പോയന്റ് താഴ്ന്ന് 48,776ലും നിഫ്റ്റി 348 പോയന്റ് നഷ്ടത്തില്‍ 14,518ലുമെത്തി. ഞായറാഴ്ച 1.03 ലക്ഷം കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മൂന്നു ശതമാനത്തിലേറെ നഷ്ടത്തിലായി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.3ശതമാനവും താഴ്ന്നു. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ടെക്മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, റിലയന്‍സ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ആഗോള വിപണികള്‍ നേട്ടത്തിലാണെങ്കിലും കോവിഡ് വ്യാപനമാണ് സൂചികകളെ ബാധിച്ചത്. വരാനിരിക്കുന്ന കോര്‍പറേറ്റ് പ്രവര്‍ത്തനഫലങ്ങളും ആര്‍ബിഐയുടെ വായ്പനയ പ്രഖ്യാപനവുമാകും കോവിഡിനു പുറമെ വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണയിക്കുക