ന്യൂഡല്ഹി:കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇ കൊമേഴ്‌സ് മേഖലയില്‍ നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. മാര്‍കറ്റ് പ്ലേസ് മാതൃകയിലുള്ള ഇ കൊമേഴ്‌സ് രംഗത്താണ് പൂര്‍ണ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത്.
ഇന്ത്യയില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ കൊമേഴ്‌സ് രംഗത്ത് നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേ പത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി.
ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്റസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരം വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്ന മാര്‍കറ്റ് പ്ലേസ് മാതൃകയിലെ ഇ കൊമേഴ്‌സ് രംഗത്ത് മാത്രമാണ് നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കിയത്. ആഗോള തലത്തില്‍ ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോണ്‍, ഇബേ തുടങ്ങി കമ്പനികള്‍ മാര്‍കറ്റ് പ്ലേസ് രീതിയിലാണ് ഇന്ത്യയില്‍ വിപണനം നടത്തുന്നത്.
എന്നാല്‍ സ്വന്തം ഉല്‍പന്നങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന ഇന്‍വെന്ററി ബേസ്ഡ് മാതൃകയിലുള്ള ഇകൊമേഴ്‌സിന് പൂര്‍ണ വിദേശ നിക്ഷേപത്തിന് അനുമതിയില്ല. പുതിയ തീരുമാനപ്രകാരം മൊത്തം വില്‍പനയുടെ 25 ശതമാനം ഒരു കമ്പനിയുടെ മാത്രം ഉല്‍പന്നങ്ങള്‍ ആവാന്‍ പാടില്ല. ഇ കൊമേഴ്‌സ് രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച പോളിസിയില്‍ വ്യക്തത വരുത്താന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയതായി ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ഗനിര്‍ദേശത്തില്‍ കമ്പ്യൂട്ടര്‍, ടിവി ചാനലുകള്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ തുടങ്ങി ഡിജിറ്റല്‍, ഇലക്ട്രോണിക് നെറ്റ് വര്‍ക്കുകളുള്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനെയാണ് ഇ കൊമേഴ്‌സ് എന്ന് നിര്‍വചിക്കുന്നു. മാര്‍കറ്റ് പ്ലേസ് മാതൃകയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ പേര്, കമ്പനിയുടെ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഇ കൊമേഴ്‌സ് സംവിധാനം പ്രസിദ്ധപ്പെടുത്തും. ഉല്‍പന്നങ്ങളുടെ വാറണ്ടി, ഗ്യാരണ്ടി സംബന്ധമായാ എല്ലാ ഉത്തരവാദിത്വവും വില്‍പനക്കാരന്റെ ഉത്തരവാദിത്വമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.