ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന ഇന്ധന വിലയും, ചരക്ക് സേവന നികുതിയുമെല്ലാം വിമാന യാത്രയുടെ ചിലവ് കാര്യമായി വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങളായി സാമാന്യം കുറഞ്ഞ നിരക്കിലായിരുന്നു വിമാനയാത്രയെന്നത് പല പ്രവാസികള്‍ക്കും ആശ്വാസമായിരുന്നു. നിരക്ക് വര്‍ധിപ്പിച്ചാല്‍ പ്രവാസികള്‍ക്ക് അത് തിരിച്ചടിയാകും.
നിരക്കില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകാമെന്നാണ് സൂചന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി ഉല്‍പ്പാദന നിയന്ത്രണം പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ്. അതിനാല്‍ ഉടനെയൊന്നും ഇന്ധനവില കുറയാനുള്ള സാധ്യതയും കാണുന്നില്ല.