സുശാന്ത് സിങിന്റെ ചിത്രം ഉപയോഗിച്ച് മാർക്കറ്റിംഗ് ; ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്‌ ബോയ്‌കോട്ട് ക്യാമ്പെയിനുമായി ആരാധകര്‍

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ചിത്രവുമായി വിപണിയിലെത്തിയ ടി-ഷര്‍ട്ടുകള്‍ വിവാദമാകുന്നു. സുശാന്തിന്റെ ചിത്രത്തിനൊപ്പം ‘Depression is Like Drowning’ എന്ന വാചകം ചേര്‍ത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഫ്‌ലിപ്കാര്‍ട്ട്‌, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലാണ് ടി-ഷര്‍ട്ട് വിപണിയിലെത്തിയത്. ‘ബോയ്‌കോട്ട് ഫ്‌ലിപ്കാര്‍ട്ട്‌’, ‘ബോയ്‌കോട്ട് ആമസോണ്‍’ എന്നീ ഹാഷ്ടാഗുകളുമായാണ് ട്വിറ്ററില്‍ പ്രതിഷേധം ആരംഭിച്ചത്.

മരണമടഞ്ഞ വ്യക്തിയുടെ ചിത്രം വിപണന ഉപാധിയാക്കുന്നു എന്ന വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 2020 ജൂണില്‍ ആത്മഹത്യ ചെയ്ത സുശാന്തിന്റ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസില്‍ തീര്‍പ്പു വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ സുശാന്തിന് വിഷാദ രോഗമായിരുന്നു എന്ന് സൂചന നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സുശാന്തിന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കണമെന്നും ചിലര്‍ പ്രതികരിച്ചു.

 

Top