അറബ് മണ്ണില്‍ ചരിത്രം കുറിക്കാന്‍ മാര്‍പ്പാപ്പ; രാജകീയ വരവേല്‍പ്പ് നല്‍കി യു.എ.ഇ

അബുദാബി: വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ അറബ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. മൂന്ന് ദിവസത്തെ മാര്‍പാപ്പയുടെ സന്ദര്‍ശനം വിവിധ മതതവിശ്വാസികള്‍ പരസ്പരം അംഗീകരിച്ച് ജീവിക്കണമെന്ന സന്ദേശത്തിന്റെ ഭാഗമായിട്ടാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

മാര്‍പാപ്പയുടെ സന്ദര്‍ശനം യുഎഇ സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്ന സമയത്താണ് എന്ന പ്രത്യേകതയുമുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ എത്തിയ മാര്‍പാപ്പയെ അബുദാബി കിരീടാവകാശിയും, യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഇഈദ് ഇല്‍ നഹ്യാന്‍െ നേതൃത്വത്തില്‍ പ്രസിഡ്യന്‍ഷ്യല്‍ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി.

മതാന്തര സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പാപ്പ, അബുദാബി ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കും. മുസ്ലീം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായും മാര്‍പാപ്പ അവിടെ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് അബുദാബി സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും, സൗജന്യ യാത്ര ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

Top