പരാതിക്കാരിയെ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രതിക്ക് മേലുള്ള പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കോടതി. കർണാടക ഹൈക്കോടതിയാണ് 23കാരനെതിരെ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കിയത്. 17കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, 18 വയസ് തികഞ്ഞതിനു പിന്നാലെ 23കാരൻ പരാതിക്കാരിയെ വിവാഹം കഴിക്കുകയായിരുന്നു. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.
പ്രോസിക്യൂഷൻ കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം കഴിച്ച് കുഞ്ഞിനെ വളർത്തിവരുന്ന ദമ്പതിമാർക്കെതിരെ കോടതിയ്ക്ക് വാതിൽ കൊട്ടിയടക്കാനാവില്ല എന്നും കോടതി നിരീക്ഷിച്ചു.
2019ലാണ് പരാതിക്കാരിയുടെ പിതാവ് തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പരാതിനൽകുന്നത്. പെൺകുട്ടിയെ പിന്നീട് കുറ്റാരോപിതനോടൊപ്പം കണ്ടെത്തി. പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഇരുവരും പറഞ്ഞു. ആ സമയത്ത് പെൺകുട്ടിയ്ക്ക് 17 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. 18 മാസം ജയിലിൽ കിടന്ന കുറ്റാരോപിതൻ 2020 നവംബറിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ആ സമയത്ത് തന്നെ ഇവർ വിവാഹിതരായി. കഴിഞ്ഞ വർഷം ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു.