റോഹ്താക്: ഹരിയാനയിലെ റോഹ്താക്കിലെ ഇന്ദിര കോളനിയില്‍ ഇരുപത്തേഴുകാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ പ്രാഥമിക ആവശ്യത്തിന് പുറത്തായിരുന്നു പോയിരുന്നത്. ഇതിനിടയിലാണ് അയല്‍വാസി അടിച്ചു വീഴ്ത്തി മാനഭംഗപ്പെടുത്തിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദിച്ച് അവശയാക്കിയതിനു ശേഷമാണ് തന്നെ ഉപദ്രവിച്ചതെന്ന് യുവതി പറയുന്നു.
അതേ സമയം സംഭവം ആരെങ്കിലും അറിയിച്ചാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിക്കെതിരെ ഐപിസി 376, 506 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം പൊലീസ് അന്വേഷിച്ച് എത്തിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പൊലീസ് ഇയാള്‍ക്ക് വേണ്ടിയിട്ടുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതൊടെ ഹരിയാനയില്‍ ഈ മാസം നടന്ന പീഡന പരമ്പരകളില്‍ പന്ത്രണ്ടാമത്തെ സംഭവമാണിത്.