കോഴിക്കോട്: വിവാഹത്തട്ടിപ്പു വീരന് പിടിയില്‍. വെള്ളാറ സ്വദേശി പയ്യന്നൂര്‍ മാതമംഗലം ആന്റണി ബിജുവെന്ന പൊറാട്ട ബിജുവിനെയാണ് മാനന്തവാടിയില്‍ വെച്ച് നടക്കാവ് എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അനാഥനാണെന്നതുള്പ്പെടെ കാണിച്ച് പത്രങ്ങളില്‍ വിവാഹപരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്. പിന്നീട് ഇവരുടെ പണവും സ്വര്‍ണവുമായി മുങ്ങുകയാണ് പതിവ്.
പത്രങ്ങളിലും, ചരമകോളത്തിലും അച്ചടിച്ചു വരുന്ന ആളുകളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ സിം എടുത്താണ് തട്ടിപ്പ്. ഇത്തരത്തില്‍ ഹോക്കി താരം ശ്രീജേഷിന്റെ ഫോട്ടോ പോലും ഇയാള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജസിം എടുക്കാനുപയോഗിച്ചതായി പൊലീസ് പറഞ്ഞു.
വിവിധ ജില്ലകളിലായി നിരവധി സ്ത്രീകളെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. 2008ല്‍ അനാഥനാണെന്ന് കാണിച്ച് വിവാഹപരസ്യം നല്കി തട്ടിപ്പുനടത്തിയയാളെ പൊലീസ് പിടികൂടിയ വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു.
ഇതില്‍ പ്രചോദിതനായാണ് ആന്റണി ബിജു വിവാഹത്തട്ടിപ്പു തുടങ്ങിയത്. അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷവും തട്ടിപ്പു തുടരുകയായിരുന്നു. ഇതിനിടെ കോഴിക്കോട്ടെ യുവതിയുടെ പരാതിയിലാണ് നടക്കാവ് പോലിസ് ഇയാളെ മാനന്തവാടിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.