ചൊവ്വയിലും ജീവന്‍ നിലനില്‍ക്കുമെന്നതിന്റെ തെളിവ് ലഭിച്ചു

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ചൊവ്വയിലും ജീവന്‍ നിലനില്‍ക്കുമെന്നതിന്റെ തെളിവ് ലഭിച്ചു. ബഹിരാകാശ നിലയത്തിലെ അത്യന്തം ദുഷ്‌കരമായ സാഹചര്യത്തില്‍ സൂക്ഷ്മ ജീവികളും സസ്യങ്ങളും 533 ദിവസമാണ് വിജയകരമായി പിന്നിട്ടത്. ഇത് ചൊവ്വയില്‍ അതിജീവനം സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ബഹിരാകാശത്തെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികളെയും താപനിലയിലെ ഏറ്റക്കുറച്ചിലുകളും അതിജീവിച്ചാണ് ഈ സൂഷ്മ ജീവനുകള്‍ ബഹിരാകാശത്ത് 533 ദിവസം പിന്നിട്ടത്. സൗരയുഥത്തില്‍ ജീവന്‍ കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ള ചൊവ്വയില്‍ ഇത്തരം സൂഷ്മ ജീവികള്‍ക്ക് കഴിയാനാകുമെന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തിന് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്.

ഓക്സിജന്റേയും ഗുരുത്വാകര്‍ഷണത്തിന്റെയും കുറവ്, പൊടിക്കാറ്റുകള്‍ കഠിനമായ തണുപ്പ്, വരണ്ട കാലാവസ്ഥ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചൊവ്വയിലെ ജീവിതത്തിന് വെല്ലുവിളിയാണ്. ഇതേസമയം, ജീവന്റെ അടിസ്ഥാന ഘടകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ ഫോസ്ഫറസ്, തണുത്തുറഞ്ഞ വെള്ളം എന്നിവ ജീവനു അനുകൂല സാഹചര്യം കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതി ജീവനത്തിന് ചൊവ്വ യോജിച്ച ഇടമാണെന്നുള്ള കണ്ടെത്തലില്‍ എത്താന്‍ കഴിഞ്ഞത്.

ബഹിരാകാശ നിലയത്തില്‍, നൂറു കണക്കിനു സാംപിളുകളുടെ അടിസ്ഥാനത്തില്‍ 2014 മുതല്‍ 2016 വരെയുള്ള 18 മാസകാലയളവിലായിരുന്നു പരീക്ഷണം. ബയോമെക്സ് എന്ന് പേരിട്ട ഈ പരീക്ഷണം വലിയ വിജയമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലിതുവരെ, മനുഷ്യന്‍ നടത്തിയ പര്യവേഷണങ്ങളിലൊന്നും ചൊവ്വയില്‍ ജീവനുണ്ടെന്ന് ഉറപ്പിക്കാനായിട്ടില്ല. എന്നാല്‍ ഭൂമിയിലെ സൂഷ്മ ജീവികള്‍ക്ക് ചൊവ്വയിലെ സാഹചര്യത്തെയും അതിജീവിക്കാനാകുമെന്നത് ചൊവ്വയിലെ ജീവന്റെ സാധ്യതകളെ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Top