ധീരജവാന്‍ പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി; ജന്മനാട്ടിലേക്ക് വിലാപയാത്ര

വാളയാര്‍: കുനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി. കോയമ്പത്തൂരില്‍ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ. രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മന്ത്രിമാര്‍ മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

വിലാപയാത്ര റോഡ് മാര്‍ഗം തൃശ്ശൂരിലേക്ക് നീങ്ങുകയാണ്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമര്‍പ്പിക്കാന്‍ ദേശീയപതാകയുമായി നിരവധിപേര്‍ കാത്തുനിന്നു. രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരവധിപേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയില്‍ കാത്തുനിന്നത്.

തൃശ്ശൂരിലേക്ക് പോകുന്ന വിലാപയാത്ര പൊന്നൂക്കരയില്‍ പ്രദീപ് പഠിച്ച സ്‌കൂളില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വയ്ക്കും. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജന്‍ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്തവിധം വീട്ടില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണന്‍ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണ് അമ്മ കുമാരി.

Top