ജവാന്റെ വിധവയെ ഭര്‍തൃ സഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി

marriage

മാണ്ഡ്യ: പുല്‍വാമ അക്രമണത്തില്‍ മരിച്ച സിആര്‍പിഎഫ് ജവാന്റെ ഭാര്യയെ വീണ്ടും വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. കഴിഞ്ഞ ഫെബ്രുവരി 14ലെ പുല്‍വാമ അക്രമണത്തില്‍ മരിച്ച സിആര്‍പിഎഫ് ജവാന്‍ എച്ച് ഗുരുവിന്റെ ഭാര്യ കലാവതി(25)യെയാണ് ഭര്‍തൃ വീട്ടുകാര്‍ ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്.

സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച് ഗുരുവിന്റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് വിവരം. അന്തരിച്ച നടന്‍ അംബരീഷിന്റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവിന്റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

തന്നെ ഭര്‍തൃവീട്ടുകാര്‍ പുനര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി കലാവതി മാണ്ഡ്യ പൊലീസില്‍ പരാതി നല്‍കി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്റെ കുടുംബത്തെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Top