മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ പൂര്‍ണ്ണ ചിത്രങ്ങള്‍ പുറത്ത്

ciaz-facelift

മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡലിന്റെ പൂര്‍ണ്ണ ചിത്രങ്ങള്‍ ലീക്കായി. മോഡലിന്റെ മുഖം മാരുതി കാര്യമായി പരിഷ്‌കരിച്ചിട്ടുണ്ടെന്നു പുതിയ ചിത്രങ്ങളിലൂടെ മനസിലാക്കാം.

മുകളിലും താഴെയും ക്രോം അലങ്കാരം ഒരുങ്ങുന്ന ഗ്രില്ലിന് വീതി കുറവാണ്. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളിലും പുതുമ അനുഭവപ്പെടും. ഹെഡ്ലാമ്പില്‍ തന്നെയാണ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍. മുന്‍ ബമ്പര്‍ അഗ്രസീവ് ശൈലി പിന്തുടരുകയാണ്. 15 ഇഞ്ച് അലോയ് വീല്‍ ശൈലി കമ്പനി ചെറുതായി പരിഷ്‌കരിച്ചിട്ടുണ്ട്. ക്രോം അലങ്കാരം ചുറ്റുമൊരുങ്ങുന്ന റിഫ്ളക്ടറുകള്‍ പിന്‍ ബമ്പറിലാണ് നല്‍കിയിരിക്കുന്നത്.

പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് പാനലും 2018 സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ ആകര്‍ഷണീയതയാണ്. വലിയ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ കാറില്‍ ഒരുക്കിയിട്ടുണ്ട്. മോഡലിന്റെ ആല്‍ഫ വകഭേദം ടച്ച്സ്‌ക്രീന്‍ സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിലനിര്‍ത്തും.

ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും സിയാസ് ഫെയ്സ്ലിഫ്റ്റില്‍ ഒരുങ്ങുന്നത്. 103.2 bhp കരുത്തും 138.4 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ പെട്രോള്‍ എഞ്ചിന്‍. നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെയും സിയാസ് പെട്രോളില്‍ മാരുതി നല്‍കുന്നുണ്ട്.

പെട്രോള്‍ പതിപ്പിന് പുറമെ 1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും സിയാസില്‍ ലഭിക്കും. ഡീസല്‍ എഞ്ചിന് 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഡീസല്‍ ഹൈബ്രിഡില്‍ ഒരുക്കിയിരിക്കുന്നത്.

Top