ഓണ്‍ലൈന്‍ സംവിധാനത്തില്‍ 5000 ബുക്കിങ്ങ് നേടി മാരുതിയുടെ ഇഗ്‌നീസ്

മിനി എസ്യുവി എന്ന വിശേഷണം നല്‍കി മാരുതി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള വാഹനമാണ് ഇഗ്‌നീസ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാരുതി ഒരുക്കിയ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനത്തില്‍ 5000 പേരാണ് ഇഗ്‌നീസ് ബുക്കുചെയ്തിരിക്കുന്നത്.

മുന്‍ മോഡലിനെക്കാള്‍ ഏറെ മികവോടെയാണ് പുതിയ ഇഗ്‌നീസ് എത്തിയിരിക്കുന്നത്. അതേസമയം വിലയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലാത്തതിനാലാണ് ഇഗ്‌നീസിന് മികച്ച ബുക്കിങ്ങ് ലഭിക്കുന്നതെന്നാണ് മാരുതി സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി ശശാങ്ക് ശ്രീവാസ്തവ എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്കിനോട്് പറഞ്ഞത്.

സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫാ എന്നീ നാല് വേരിയന്റുകളിലെത്തുന്ന ഇഗ്‌നീസ് മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയാണ് വിപണിയിലെത്തിക്കുന്നത്. പെട്രോള്‍ എന്‍ജിനിലുള്ള ഈ വാഹനത്തിന്റെ മാനുവല്‍ പതിപ്പിന് 4.89 ലക്ഷം രൂപ മുതല്‍ 6.72 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 6.13 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപ വരെയുമാണ് വില.

പുതിയ ഡിസൈനിലുള്ള ഗ്രില്ല് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നീസിനെ സ്‌റ്റൈലിഷാക്കുന്നു. ഹെഡ്‌ലൈറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇന്റീരിയറിന്റെ ഡിസൈന്‍ മുന്‍ മോഡലിന് സമമാണ്. എന്നാല്‍, ഫീച്ചറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാരുതിയുടെ പുതിയ ഏഴ് ഇഞ്ച് സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളും എംഐഡി യൂണിറ്റും ഈ സിസ്റ്റത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബിഎസ്6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്‌നീസിന് കരുത്തേകുന്നത്. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നീ ട്രാന്‍സ്മിഷനുകളില്‍ ഇഗ്‌നീസ് എത്തുന്നുണ്ട്. 20.89 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മാരുതി ഉറപ്പുനല്‍കുന്നത്.

Top