Maruti S Cross – rate

വിലക്കിഴിവ് അനുവദിച്ചാല്‍ വില്‍പ്പന കൂടുമെന്നതു സാമാന്യ തത്വമാണ്. പ്രീമിയം ക്രോസ്ഓവറായ ‘എസ് ക്രോസി’ന്റെ കാര്യത്തില്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും(എം എസ് ഐ എല്‍) ഇതേ തന്ത്രം പയറ്റി വിജയം വരിച്ച മട്ടാണ്. പ്രതീക്ഷിച്ച വില്‍പ്പന കൈവരിക്കാതെ പോയ ‘എസ് ക്രോസി’ന്റെ വിവിധ വകഭേദങ്ങള്‍ക്ക് 40,000 മുതല്‍ രണ്ടു ലക്ഷം രൂപയുടെ വരെ ഇളവാണു മാരുതി സുസുക്കി അനുവദിച്ചത്.

ഇതോടെ കഴിഞ്ഞ ഏഴു മാസത്തിനിടെ ‘എസ് ക്രോസി’ന്റെ വില്‍പ്പന 21,000 യൂണിറ്റോളമായി ഉയര്‍ന്നെന്നാണു കണക്ക്. ഒപ്പം ആഭ്യന്തര വിപണിക്കു പുറമെ അയല്‍ രാജ്യങ്ങളായ ഭൂട്ടാനിലും നേപ്പാളിലും കൂടി ‘എസ് ക്രോസ്’ വില്‍പ്പന പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇരുവിപണികളില്‍ നിന്നും ലഭിക്കുന്ന ആദ്യഘട്ട പ്രതികരണം വിലയിരുത്തിയാവും ‘എസ് ക്രോസ്’ വിപണനത്തിന്റെ ഭാവി നിര്‍ണയിക്കുക.

പ്രീമിയം വാഹനങ്ങള്‍ക്കായി തുറന്ന പുത്തന്‍ ഷോറൂം ശൃംഖലയായ നെക്‌സ വഴി മാത്രം വില്‍പ്പനയ്ക്കുള്ള ‘എസ് ക്രോസി’ന്റെ കഴിഞ്ഞ ഏഴു മാസത്തെ വില്‍പ്പന 21,500 യൂണിറ്റാണെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍ എസ് കാല്‍സി വെളിപ്പെടുത്തുന്നു.

രാജ്യത്ത് 70 നഗരങ്ങളിലായി നൂറ്റി ഇരുപതോളം നെക്‌സ ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ‘എസ് ക്രോസ്’ വില്‍പ്പന ഇനിയും മെച്ചപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡീസല്‍ വിഭാഗത്തില്‍ രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണ് ‘എസ് ക്രോസ്’ വിപണിയിലുള്ളത്: 1.3 ലീറ്ററും 1.6 ലീറ്ററും. ഇതില്‍ ശേഷിയേറിയ എന്‍ജിനുള്ള വകഭേദങ്ങളുടെ വിഹിതം മൊത്തം വില്‍പ്പനയുടെ 15 16% മാത്രമാണെന്നും കാല്‍സി വ്യക്തമാക്കി.

ശേഷി കുറഞ്ഞ എന്‍ജിന്‍(ഡി ഡി ഐ എസ് 200) ഘടിപ്പിച്ച ‘എസ് ക്രോസ്’ വകഭേദങ്ങളുടെ ഡല്‍ഹി ഷോറൂം വില 8.03 ലക്ഷം മുതല്‍ 10.60 ലക്ഷം രൂപ വരെയാണ്. 1.6 ലീറ്റര്‍ എന്‍ജിന്‍(ഡി ഡി ഐ എസ് 320) ഘടിപ്പിച്ച മോഡലുകള്‍ക്ക് വില 10.23 ലക്ഷം രൂപ മുതല്‍ 12.03 ലക്ഷം രൂപ വരെയാണ്.

Top