മാരുതി സുസുക്കി ആൾട്ടോയുടെ വില്പന 45 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു

ന്യൂഡൽഹി : 45 ലക്ഷം യൂണിറ്റുകൾ വിറ്റ് മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ആയ ആൾട്ടോ. 2000ലാണ് ആൾട്ടോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എട്ടു വർഷംകൊണ്ട് 10 ലക്ഷം യൂണിറ്റ് വിറ്റു. 2020ലാണ് 40 ലക്ഷം യൂണിറ്റ് തികച്ചത്.

800 മുതൽ സെലേറിയോ വരെ നീളുന്ന ബജറ്റ് ഹാച്ച്ബാക്ക് സെഗ്മെന്റാണ് ശരിക്കും മാരുതിയെ ഇന്നത്തെ നിലയിലെത്തിച്ചത്. അതിന്റെ പ്രധാന സംഭാവന ആൾട്ടോയ്ക്കാണ് അർഹതപ്പെടുന്നത്. താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് 20 വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആൾട്ടോ വികസിച്ചതാണ് ഇന്നും ജനകീയനായി നിലനിൽക്കാനുള്ള പ്രധാന കാരണം. ഇന്ന് K10 രൂപത്തിൽ മാത്രമാണ് ലഭ്യമാവുന്നതെങ്കിലും ആൾട്ടോയെന്നാൽ 800 സിസി മോഡലാണ് ഏവർക്കും.

2000-ൽ പുറത്തിറങ്ങിയ ആൾട്ടോയുടെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ രസകരമായ പല സംവങ്ങളും അറിയാനാവും. വിപണിയിലെത്തി വെറും നാല് വർഷം കൊണ്ട്, അതായത് 2004-ഓടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഇത് മാറിയതാണ് സുപ്രധാന നാഴികക്കല്ലുകളിൽ ഒന്ന്. ചെറിയ യാത്രകൾ സുഖകരമായി നിർവഹിക്കാൻ കഴിയുന്ന, ഇന്ധനക്ഷമതയുള്ള, താങ്ങാനാവുന്ന ഒരു ഹാച്ച്ബാക്ക് തിരയുന്ന നിരവധി ആളുകൾ മാരുതി സുസുക്കി ആൾട്ടോ സ്വന്തമാക്കാനായി ഇരച്ചെത്തി.

കൂടാതെ മാരുതിയുടെ പ്രധാന ഹൈലൈറ്റായ കുറഞ്ഞ മെയിന്റനെൻസും ആൾട്ടോയുടെ മുഖമുദ്രയായിരുന്നു. ഇതുകൂടാതെ മാന്യമായ ഫീച്ചർ ലിസ്റ്റും നാല് പേർക്ക് യാത്ര ചെയ്യാൻ മതിയായ ഇന്റീരിയർ സ്പേസും ഈ കുഞ്ഞൻ ഹാച്ച് വാഗ്ദാനം ചെയ്യുന്നു. പിന്നെ മാരുതി സുസുക്കിയുടെ വിശാലമായ സർവീസ് ശൃംഖലയും കാറിന്റെ മാറ്റേകി. ഉപഭോക്തൃ മുൻഗണനകൾ അതിവേഗം മാറുന്ന കാലത്തും രണ്ട് പതിറ്റാണ്ടുകളോളം ഏറ്റവും ഡിമാന്റുള്ള വാഹനമായി നിലനിൽക്കാൻ കഴിയുന്നത് ശരിക്കും അമ്പരിപ്പിക്കുന്ന കാര്യം തന്നെയാണ്.

ഇന്ന് ആൾട്ടോയുടെ പാരമ്പര്യം മുറുകെ പിടിക്കാനുള്ള ചുമതല ഇപ്പോൾ പൂർണമായും K10 ഹാച്ചിൽ നിക്ഷിപ്‌തമായി. 3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. 66 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.0 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് പുതുതലമുറ ആൾട്ടോ K10 മോഡലിന് തുടിപ്പേകുന്നത്.

ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സോ അല്ലെങ്കിൽ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കി എടുക്കാം. പെട്രോളിന് പുറമെ സിഎൻജി ഫ്യുവൽ ഓപ്ഷനിലും കാർ വാങ്ങാനാവും. ഇത് 56 bhp കരുത്തിൽ 82 Nm torque വരെയാണ് നൽകുന്നത്. കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐഡിൽ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും മാരുതി സുസുക്കി ആൾട്ടോയിൽ സജ്ജീകരിച്ചിട്ടുണ്ട്.

മാരുതിയുടെ പുതുതലമുറ വാഹനങ്ങളുടെ അടിസ്ഥാനമായ ഹാർടെക്ട് പ്ലാറ്റ്ഫോമിലാണ് ആൾട്ടോ K10 മോഡലിന്റെയും നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കും വാഹനത്തിനുള്ളിലെ ഇടത്തിനും പ്രാധാന്യം നൽകുന്നതാണ് ഇതിന്റെ പ്രത്യേകത. എന്തായാലും മുൻഗാമികളെ പോലെ തന്നെ അതേ ജനപിന്തുണയും സ്വീകാര്യതയും എല്ലാം നേടാൻ പുതുതലമുറക്കാരനും സാധിച്ചിട്ടുണ്ടെന്നത് വലിയ നേട്ടമാണ്.

 

Top