ഇന്ത്യയിലെ ചെറുകാറുകളില്‍ മാരുതിയുടെ ആള്‍ട്ടോയെ വെല്ലാന്‍ മറ്റൊരു വാഹനമില്ലെന്ന് വീണ്ടും തെളിയിക്കുന്നു. കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലെ ടോപ്പ് സെല്ലിങ്ങ് വാഹനപ്പട്ടം സ്വന്തം പേരില്‍ നിലനിര്‍ത്തിയാണ് മാരുതി ആള്‍ട്ടോ ഇക്കാര്യം തെളിയിക്കുന്നത്.
2000-ത്തില്‍ നിരത്തിലെത്തിയ ആള്‍ട്ടോ 2004-മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണെന്നാണ് മാരുതി അവകാശപ്പെടുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ആള്‍ട്ടോയായി എത്തിയ ഈ വാഹനം ഇപ്പോള്‍ ആള്‍ട്ടോ 800 എന്ന പേരിലാണ് എത്തുന്നത്.
ആള്‍ട്ടോയുടെ കോംപാക്ട് ഡിസൈനും അനായാസമായി ഉപയോഗിക്കാന്‍ സാധിക്കുന്നതും ഉയര്‍ന്ന ഇന്ധനക്ഷമതയും താങ്ങാവുന്ന വിലയും ഉയര്‍ന്ന വിശ്വാസ്യതയുമാണ് ഈ വാഹനത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
മാരുതിയുടെ മറ്റൊരു ഹാച്ച്ബാക്ക് വാഹനമായ സെന്നിന് പകരക്കാരാനാകാനാണ് ആള്‍ട്ടോ എത്തിയത്. ആദ്യഘട്ടത്തില്‍ ആള്‍ട്ടോ എല്‍എക്‌സില്‍ 796 സിസി എന്‍ജിനും വിഎക്‌സില്‍ 1100 സിസി എന്‍ജിനുമാണ് നല്‍കിയിരുന്നത്. 2001-ല്‍ ഹ്യുണ്ടായിയുടെ സാന്‍ട്രോയില്‍ പവര്‍ സ്റ്റിയറിങ്ങ് നല്‍കിയതിന് പിന്നാലെ ആള്‍ട്ടോ പവര്‍ സ്റ്റിയറിങ്ങ് നല്‍കി എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ വേരിയന്റ് അവതരിപ്പിക്കുകയായിരുന്നു.
ആള്‍ട്ടോയുടെ ഇന്ത്യയിലെ പ്രയാണത്തിന് 20 വയസാകുകയാണ്. ഈ രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ആള്‍ട്ടോയുടെ 38 ലക്ഷം യൂണിറ്റാണ് ഇന്ത്യയിലുള്ളത്. 2008-ലാണ് ആള്‍ട്ടോ 10 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലെത്തുന്നത്. പിന്നീടുള്ള നാല് വര്‍ഷത്തിനുള്ളില്‍ അത് 20 ലക്ഷമായി ഉയര്‍ത്താനും മാരുതിക്ക് കഴിഞ്ഞു. 2016 ആയതോടെ ഇത് 30 ലക്ഷത്തിലേക്ക് കുതിക്കുകയായിരുന്നു.
ഇന്ത്യയില്‍ 76 ശതമാനം ആളുകളും ആദ്യ കാറായി തിരഞ്ഞെടുക്കുന്ന ആള്‍ട്ടോയാണെന്നാണ് മാരുതി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് മേധാവി ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നത്. ആള്‍ട്ടോയുടെ വിജയത്തിന്റെ ചുവടുപിടിച്ച് ആള്‍ട്ടോയുടെ കരുത്തേറിയ മോഡലായ 998 സിസി കെ-സീരീസ് എന്‍ജിനില്‍ ആള്‍ട്ടോ കെ-10 മോഡലും അവതരിപ്പിച്ചിരുന്നു.
ബിഎസ് 6 നിലവാരത്തിലുള്ള 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.