Maruti Suzuki Baleno to Be Exported to Europe Starting This Month

പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി ഈ മാസം ആരംഭിക്കുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. പുതിയ കാര്‍ സുസുക്കിയുടെ ജന്മനാടായ ജപ്പാന്‍ അടക്കമുള്ള വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം ‘ബലേനൊ’ അവതരണവേളയില്‍ തന്നെ മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നതാണ്.

ഒപ്പം ഇന്ത്യയില്‍ നിര്‍മിച്ച കാര്‍ ഇതാദ്യമായാണു മാരുതി സുസുക്കി ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ കരുത്തില്‍ നിന്നു കരുത്തിലേക്കു കുതിക്കുമ്പോഴും കയറ്റുമതി വിപണിയില്‍ കാര്യമായ തരംഗം സൃഷ്ടിക്കാന്‍ മാരുതി സുസുക്കിക്കു കഴിഞ്ഞിരുന്നില്ലെന്നതാണു വസ്തുത.

‘സ്വിഫ്റ്റ്’, ‘സെലേറിയൊ’ തുടങ്ങിയവയൊക്കെ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഈ രംഗത്ത് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും മറ്റും നടത്തുന്ന പ്രകടനവുമായി താരതമ്യം ചെയ്താല്‍ മാരുതി സുസുക്കിയുടെ നേട്ടം നാമമാത്രമാണ്.

ഇന്ത്യയില്‍ നിര്‍മിച്ച ‘ഐ 20’, ‘ക്രേറ്റ’ തുടങ്ങിയവയിലൂടെ വിദേശ വിപണികളില്‍ തകര്‍പ്പന്‍ പടയോട്ടമാണു ഹ്യുണ്ടേയ് നടത്തുന്നത്. ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ കാര്യമായൊന്നും അവകാശപ്പെടാനില്ലെങ്കിലും ജപ്പാനില്‍ നിന്നുള്ള നിസ്സാനും ഇന്ത്യയില്‍ നിന്നു വന്‍തോതില്‍ കാര്‍ കയറ്റുമതി നടത്തുന്നുണ്ട്.

മുമ്പ് പശ്ചിമ യൂറോപ്പിലേക്ക് ‘ഓള്‍ട്ടോ’യും ‘എ സ്റ്റാറു’മൊക്കെ മാരുതി സുസുക്കി കയറ്റുമതി ചെയ്തിരുന്നു; പക്ഷേ കണക്കെടുക്കുമ്പോള്‍ ഹ്യുണ്ടേയിയുടെയോ നിസ്സാന്റെയോ കയറ്റുമതിയുമായി കിട പിടിക്കാന്‍ കമ്പനിക്കു കഴിഞ്ഞിരുന്നില്ലെന്നു മാത്രം.

ക്രമേണ നൂറോളം വിദേശ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിര്‍മിച്ച ‘ബലേനൊ’ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നു ജപ്പാനിലേക്കുള്ള കയറ്റുമതി ആരംഭിച്ച വേളയില്‍ മാരുതി സുസുക്കി വ്യക്തമാക്കിയിരുന്നു.

‘ബലേനൊ’യുമായി യൂറോപ്പിലേക്കു തിരിച്ചെത്തുമ്പോള്‍ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ തുടങ്ങി വിവിധ പുതുവിപണികളിലേക്കു കൂടിയാണു കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

Top