മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. ഈ മോഡലിന്റെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2019 -ല്‍ തന്നെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയതാണ് പുതുതലമുറ പതിപ്പിനെ അധികം വൈകാതെ തന്നെ വിപണിയിൽ എത്തിക്കുമെന്ന്.
എഎംടി ഓപ്ഷനോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണ് സെലേറിയോ. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഓട്ടോ. നേരത്തെ കണ്ടതുപോലെ പൂര്‍ണമായും മൂടിക്കെട്ടിയുള്ള പരീക്ഷണയോട്ടം തന്നെയായിരുന്നു ഇത്തവണയും. സെലേറിയോയുടെ പ്രതിമാസ വില്‍പ്പന ഏകദേശം 4,000 യൂണിറ്റ് മുതല്‍ മുതല്‍ 6,000 യൂണിറ്റ് വരെയാണ്. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതുതലമുറ സെലെറിയോ വലുതായി കാണപ്പെടുന്നു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനത്തിന് ലഭിച്ചേക്കും.
പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയ്കള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, സംയോജിത എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടാം. കാര്യമായ മാറ്റങ്ങള്‍ അകത്തളത്തിലും പ്രതീക്ഷിക്കാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുടെ പിന്തുണയും ലഭിക്കും. കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, ഫാബ്രിക് സീറ്റുകള്‍, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ വാഹനത്തിൽ ഇടംപിടിക്കും. പുതിയ സെലേറിയോയ്ക്ക് കരുത്ത് പകരുന്നത് K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും. ഈ ബിഎസ് VI എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പല തവണയായി നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.