മാരുതി സുസുക്കിയുടെ ഇടത്തരം സെഡാനായ ‘സിയാസി’ന്റെ വില്‍പ്പന പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലേക്ക് മാറുന്നു. നെക്‌സ ബ്ലൂ എന്ന പുതിയ നിറത്തിലും ‘സിയാസ്’ ഇതിനോടൊപ്പം വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്.
സിയാസ് കൂടിയെത്തുന്നതോടെ നെക്‌സ ശൃംഖലയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന മോഡലുകളുടെ എണ്ണം നാലായി. നിലവില്‍ എസ് ക്രോസ്, ബലേനൊ, ഇഗ്‌നിസ് എന്നിവയാണു മാരുതി സുസുക്കി പുതുതലമുറ ഷോറൂം ശൃംഖലയായ നെക്‌സ വഴി വിപണനം നടത്തുന്നത്.
രാജ്യത്താകെ ഇരുനൂറ്റി അന്‍പതോളം നെക്‌സ ഷോറൂമുകളാണ് ഇപ്പോഴുള്ളത്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം യൂണിറ്റിന്റെ വില്‍പ്പനയാണു കമ്പനി ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 12 ശതമാനത്തോളമാണ് നിലവില്‍ നെക്‌സ ശൃംഖലയുടെ സംഭാവനയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍ എസ് കാല്‍സി അറിയിച്ചു. ഇഗ്‌നിസും സിയാസും എത്തുന്നതോടെ നെക്‌സയുടെ വിഹിതം 15% ആയി ഉയരുമെന്നാണു പ്രതീക്ഷ.