മാരുതി സുസുക്കി ഇന്ത്യ സിഎൻജി കാർ വിപണിയിൽ ചുവടുറപ്പിക്കാനൊരുങ്ങുന്നു. പാസഞ്ചർ വെഹിക്കിൾ മാർക്കറ്റ് ലീഡറായ മാരുതി തങ്ങളുടെ സിഎൻജി പോർട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതികൾ ശക്തമാക്കുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ സിഎൻജി-പവർഡ് കാറുകൾ അവതരിപ്പിച്ച ആദ്യകാല കാർ നിർമ്മാതാക്കളിൽ ഒരാളാണ് മാരുതി സുസുക്കി.
കമ്പനിയുടെ എക്കാലത്തെയും ഉയർന്ന സിഎൻജി കാർ വിൽപ്പന 2021 സാമ്പത്തിക വർഷത്തിലെ (2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ) – 1,57,954 യൂണിറ്റ് എന്ന സംഖ്യയാണ്. കഴിഞ്ഞ ഏപ്രിലിൽ ഡീസൽ വാഹന വിപണിയിൽ നിന്ന് ഒഴിവായതിനെ തുടർന്ന് വിൽപ്പനയിലുണ്ടായ നഷ‍്ടം നികത്താനും ഈ നീക്കം കമ്പനിയെ സഹായിച്ചു എന്നുവേണം കരുതാന്‍.
കഴിഞ്ഞ മാസം മാരുതി സുസുക്കിയുടെ ക്യുമുലേറ്റീവ് സിഎൻജി കാർ വിൽപ്പന 6,00,000 യൂണിറ്റ് കടന്നതായി ഓട്ടോകാർ പ്രൊഫഷണലിന്റെ ഡാറ്റ വിശകലനം വെളിപ്പെടുത്തുന്നു. ഏപ്രിലിൽ അര മില്യൺ കടന്നപ്പോൾ, അടുത്ത 1,00,000 യൂണിറ്റുകൾക്ക് ഏഴ് മാസമേ എടുത്തിട്ടുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.