ദീര്‍ഘിപ്പിച്ച സമഗ്ര വാറന്റി വാഗ്ദാനം ചെയ്ത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്

ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്ക് ദീര്‍ഘിപ്പിച്ച സമഗ്ര വാറന്റി വാഗ്ദാനം ചെയ്ത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ എന്നിവയ്‌ക്കൊപ്പം എസ്.യു.വിയായ എസ് ക്രോസിനും ഈ ആനുകൂല്യം ലഭ്യമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷമോ ഒരു ലക്ഷം കിലോമീറ്ററോ നീളുന്ന വാറന്റിയാണിത്. രാജ്യത്തെ 1,893 നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഡീലര്‍ഷിപ്പുകള്‍ വഴി ഈ ദീര്‍ഘിപ്പിച്ച വാറന്റി സ്വന്തമാക്കാം.

സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ് ക്രോസ് എന്നീ മോഡലുകളിലായി മൊത്തം 29 ലക്ഷം കാറുകള്‍ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണു കമ്പനിയുടെ കണക്ക്. പ്രകടനമികവിന്റെ പേരില്‍ ഈ ബ്രാന്‍ഡുകളെ വാഹന ഉടമസ്ഥര്‍ മാത്രമല്ല വിമര്‍ശകരും ഇഷ്ടപ്പെട്ടു പോകുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവകാശപ്പെടുന്നത്. ഈ വാഹനങ്ങളുടെ ഉടമസ്ഥരോടും ആരാധകരോടുമുള്ള നന്ദിയുടെ സൂചകമായിട്ടാണ് ഇവയ്ക്ക് അഞ്ചു വര്‍ഷം അഥവാ ഒരു ലക്ഷം കിലോമീറ്ററോളം നീളുന്ന വാറന്റി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യാനുസരണം വിവിധ യന്ത്രഭാഗങ്ങള്‍ മാറ്റി നല്‍കുമെന്ന വാഗ്ദാനത്തോടെയാണു ദീര്‍ഘകാല വാറന്റി അവതരിപ്പിച്ചിരിക്കുന്നത്. ഹൈ പ്രഷര്‍ പമ്പ്, കംപ്രസര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍ (ഇസിഎം), ടര്‍ബോചാര്‍ജര്‍ അസംബ്ലി എന്നിവയ്‌ക്കൊപ്പം എന്‍ജിനിലെയെും ട്രാന്‍സ്മിഷനിലെയും തന്ത്രപ്രധാന ഭാഗങ്ങള്‍ക്കും ദീര്‍ഘിപ്പിച്ച വാറന്റിയുടെ പരിരക്ഷ ലഭിക്കും. കൂടാതെ സ്റ്റീയറിങ് അസംബ്ലിയും സസ്‌പെന്‍ഷന്‍ സ്ട്രട്‌സും വാറന്റി പരിധിയില്‍പെടുമെന്നും മാരുതി സുസുക്കി അറിയിച്ചു.

Top