ഗുജറാത്തില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാവുന്ന കാര്‍ നിര്‍മാണശാലയില്‍ നിന്നു നടപ്പു സാമ്പത്തിക വര്‍ഷം തന്നെ 10,000 ‘ബലേനൊ’ പുറത്തിറക്കാനാവുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എല്‍)ന്റെ പ്രതീക്ഷ.
അഹമ്മദബാദിനടുത്ത് ഹന്‍സാല്‍പൂരില്‍ മാരുതിയുടെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്‍പറേഷനാണു പുതിയ ശാല ഗുജറാത്തില്‍ സ്ഥാപിക്കുന്നത്.
പുതുവര്‍ഷത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്നു കരുതുന്ന ശാലയില്‍ നിന്ന് പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാവും ആദ്യം പുറത്തെത്തുകയെന്ന് സുസുക്കി മുമ്പേ പ്രഖ്യാപിച്ചിരുന്നു.
മുമ്പ് നിശ്ചയിച്ച സമയക്രമം പാലിച്ചു തന്നെയാണു ഹന്‍സാല്‍പൂര്‍ ശാലയുടെ നിര്‍മാണം പുരോഗമിക്കുന്നതെന്നു മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അറിയിച്ചു.
അടുത്ത ഫെബ്രുവരിയോടെ ഗുജറാത്തില്‍ നിര്‍മിച്ച കാറുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ കമ്പനി ഉറച്ചു നില്‍ക്കുകയാണ്. 2017 മാര്‍ച്ചിനുള്ളില്‍ ഗുജറാത്ത് ശാലയില്‍ നിര്‍മിച്ച 10,000 കാറെങ്കിലും വിപണിയിലെത്തുമെന്നും ചെയര്‍മാന്‍ സൂചിപ്പിച്ചു.
പ്രതിവര്‍ഷം രണ്ടര ലക്ഷം യൂണിറ്റ് വീതം ഉല്‍പ്പാദിപ്പിക്കാവുന്ന രണ്ട് അസംബ്ലി ലൈനുകളും എന്‍ജിന്‍ പ്ലാന്റുമാണു ഗുജറാത്തില്‍ സുസുക്കി സ്ഥാപിക്കുന്നത്.
മൊത്തം 140 കോടി ഡോളര്‍(ഏകദേശം 9487.10 കോടി രൂപ) ചെലവു പ്രതീക്ഷിക്കുന്ന ശാലയിലെ ആദ്യ അസംബ്ലി ലൈനാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാവുന്നത്.
ഇന്ത്യയില്‍ സുസുക്കിയുടെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ ഉപസ്ഥാപനത്തില്‍ നിര്‍മിക്കുന്ന വാഹനങ്ങളും വാഹന ഘടകങ്ങളുമെല്ലാം മാരുതി സുസുക്കിക്കാവും വില്‍ക്കുകയെന്നും ധാരണയുണ്ട്.
മാരുതി സുസുക്കിയില്‍ 56% ഓഹരി പങ്കാളിത്തമുള്ള സുസുക്കിയെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ ഏറ്റവും വലിയ വിപണിയാണ് ഇപ്പോള്‍ ഇന്ത്യ. നിലവില്‍ ഹരിയാനയിലെ ഗുഡ്ഗാവിലും മനേസാറിലുമാണു മാരുതി സുസുക്കിയുടെ നിര്‍മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതിവര്‍ഷം 15 ലക്ഷം യൂണിറ്റാണു കമ്പനിയുടെ മൊത്തം ഉല്‍പ്പാദന ശേഷി.