വിപണി പിടിക്കാന്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ പെട്രോള്‍ പതിപ്പില്‍ എത്താന്‍ ഒരുങ്ങുന്നു

വാഹന വിപണിയിലെ മത്സരം കടുത്തതോടെ ഇതുവരെ ഡീസല്‍ എന്‍ജിനോടെ മാത്രം വില്‍പ്പനയ്ക്കുണ്ടായിരുന്ന ‘വിറ്റാര ബ്രെസ’യും പെട്രോള്‍ പതിപ്പില്‍ എത്താന്‍ ഒരുങ്ങുന്നു.

പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സഹിതം വിറ്റാര ബ്രെസ ലഭ്യമാക്കാനാണു മാരുതി സുസുക്കിയുടെ തയാറെടുപ്പ്.

ബലേനൊ ആര്‍ എസിലെ പെട്രോള്‍ എന്‍ജിനാവും വിറ്റാര ബ്രെസയ്ക്കും കരുത്തേകുയെന്നാണു സൂചന; പരാമവധി 102 പി എസ് കരുത്തും 150 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

ഒപ്പം ബലേനൊയിലെ തന്നെ കണ്ടിന്വസ്ലി വേരിയബ്ള്‍ ട്രാന്‍സ്മിഷനും (സി വി ടി) മാരുതി വിറ്റാര ബ്രെസയ്ക്കായി കടമെടുക്കുമെന്നാണു സൂചന.

മാരുതി സുസുക്കി മോഡലുകള്‍ക്ക് ആവശ്യമായ യന്ത്രഘടകങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും പ്രാദേശികമായി സമാഹരിക്കുന്നതിനാല്‍ ഭയപ്പെടുത്താത്ത വിലകളില്‍ പെട്രോള്‍ വിറ്റാര ബ്രെസ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കമ്പനിക്കു കഴിയും.

മാത്രമല്ല, വിറ്റാര ബ്രേസയിലെ ഡീസല്‍ എന്‍ജിനൊപ്പം ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ എം ടി) ലഭ്യമാക്കാനുള്ള സാധ്യതയും മാരുതി സുസുക്കിയുടെ പരിഗണനയിലുണ്ടെന്നാണു സൂചന.

ഫിയറ്റിന്റെ സാങ്കേതികവിദ്യ അടിത്തറയാവുന്ന 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന് പരമാവധി 90 പി എസ് വരെ കരുത്തും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും.

ടാറ്റയുടെ നെക്‌സോണ്‍ വന്നതിനു പിന്നാലെ നവംബറില്‍ ഫോഡ് നവീകരിച്ച ഇകോസ്‌പോര്‍ട് പുറത്തിറക്കുന്നതു കൂടി പരിഗണിച്ചാവണം മാരുതി സുസുക്കിയുടെ ഈ പടയൊരുക്കം.

നെക്‌സോണിന്റെ അടിസ്ഥാന മോഡല്‍ 5.85 ലക്ഷം രൂപയ്ക്കു വിപണിയിലെത്തിയ സാഹചര്യത്തില്‍ വിറ്റാര ബ്രേസയുടെ പെട്രോള്‍ വകഭേദവും ആറു ലക്ഷം രൂപയില്‍ താഴെ വിലയ്ക്കു ലഭ്യമാവുമെന്നു പ്രതീക്ഷിക്കാം.

എ എം ടിയുള്ള ഡീസല്‍ വിറ്റാര ബ്രെസയുടെ വില 11 ലക്ഷം രൂപയോടടുത്താവാനാണു സാധ്യത.

Top