ന്യൂഡല്‍ഹി:ഇന്ത്യന്‍ കാര്‍ വിപണിയില്‍ 55 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി. 54.50 ശതമാനമായിരുന്നു 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു മാസങ്ങളില്‍ മാരുതിയുടെ വിഹിതം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാവും ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഒരു കമ്പനി ഇത്ര ഉയര്‍ന്ന വിഹിതം നേടുന്നത്. നിലവിലെ വളര്‍ച്ച തുടര്‍ന്നാല്‍ ഈ സാമ്പത്തിക വര്‍ഷം 53-55 ശതമാനം വിഹിതം കൈവരിക്കുമെന്നാണ് കരുതുന്നത്.
മാരുതിയുടെ വിപണിയിലെ മുഖ്യ എതിരാളിയായ ഹ്യുണ്ടായിക്ക് 15 ശതമാനമാണ് വിപണി വിഹിതം. വാഹന വിപണിയില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് ഏഴ് ശതമാനം വിപണി വിഹിതമാണ് നിലവിലുള്ളത്. 2014-15 ല്‍ 45 ശതമാനമായിരുന്നു മാരുതിയുടെ വിഹിതം. 2017-18 ല്‍ ഇത് 50 ശതമാനത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതാണ് വില്‍പന വളര്‍ച്ച ഉയര്‍ത്താന്‍ സഹായകമായത്.