ന്യൂഡല്‍ഹി: കോംപാക്റ്റ് എസ്.യു.എവി ശ്രേണിയില്‍ മാരുതിയുടെ പുതിയ മോഡലായ വിറ്റാര ബ്രെസയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിച്ചത് 20,000 ബുക്കിംഗ്. ഈമാസം എട്ടിനാണ് വിറ്റാര ബ്രെസയെ മാരുതി വിപണിയില്‍ അവതരിപ്പിച്ചത്.
വിതരണം മാര്‍ച്ച് 25ന് തുടങ്ങും. 6.99 ലക്ഷം രൂപ മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് വിറ്റാര ബ്രെസയുടെ ഡല്‍ഹി എക്‌സ് ഷോറൂം വില. എല്‍.ഡി.ഐ., എല്‍.ഡി.ഐ ഓപ്ഷണല്‍, വി.ഡി.ഐ., വി.ഡി.ഐ ഓപ്ഷണല്‍, ഇസെഡ്.ഡി.ഐ., ഇസെഡ്.ഡി.ഐ പ്‌ളസ് എന്നീ ഡീസല്‍ വേരിയന്റുകളാണ് വിറ്റാര ബ്രെസയ്ക്കുള്ളത്.
റെനോ ഡസ്റ്റര്‍, ഫോഡ് എക്കോസ്‌പോര്‍ട്, മഹീന്ദ്ര ടി.യു.വി, ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങിയവ അരങ്ങു തകര്‍ക്കുന്ന ചെറു എസ്.യു.വി ശ്രേണിയില്‍ മാരുതിയ്ക്ക് നേരത്തേ മോഡലുകള്‍ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്തുകയും അനുദിനം മുന്നേറുന്ന ശ്രേണിയില്‍ നാല്പത് ശതമാനത്തിലേറെ മാര്‍ക്കറ്റ് വിഹിതം സ്വന്തമാക്കുകയുമാണ് മാരുതിയുടെ ലക്ഷ്യം. ലിറ്ററിന് 24.3 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം.