സി എന്‍ ജി ഇന്ധനമാക്കുന്ന എസ് പ്രസോ മാരുതി സുസുക്കി വില്‍പ്പനയ്‌ക്കെത്തിച്ചു. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എന്‍ജിന്‍ സഹിതമെത്തുന്ന ‘എസ് പ്രസോ സിഎന്‍ജിക്കു 4.84 ലക്ഷം രൂപ മുതല്‍ 5.13 ലക്ഷം രൂപ വരെയാണു ഷോറൂം വില.
എല്‍ എക്‌സ് ഐ, എല്‍ എക്‌സ് ഐ (ഒ), വി എക്‌സ് ഐ, വി എക്‌സ് ഐ (ഒ) വകഭേദങ്ങളില്‍ സി എന്‍ ജിയില്‍ ഓടുന്ന എസ് പ്രസോ വില്‍പ്പനയ്ക്കുണ്ട്.
മിഷന്‍ ഗ്രീന്‍ മില്യന്‍ പദ്ധതിയുടെ ഭാഗമായാണ് എസ് പ്രസോയുടെ എസ്‌സി എന്‍ ജി വകഭേദം അവതരിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.
ഫാക്ടറി ഫിറ്റഡ് എസ് സി എന്‍ ജി കിറ്റ് സഹിതമെത്തുന്ന എസ് പ്രസോയ്ക്കു കരുത്തേകുന്നത് ഒരു ലീറ്റര്‍, മൂന്നു സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ്. പെട്രോളില്‍ ഓടുമ്പോള്‍ 67 ബി എച്ച് പി വരെ കരുത്തും 90 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനു പക്ഷേ ഇന്ധനം സി എന്‍ ജിയാവുന്നതോടെ ശേഷി 58 എച്ച് പി കരുത്തും 78 എന്‍ എം ടോര്‍ക്കുമായി കുറയും. സിഎന്‍ജി ഇന്ധനമാവുന്ന പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സാണു ട്രാന്‍സ്മിഷന്‍.
ഓരോ കിലോഗ്രാം സി എന്‍ ജിയിലും 31.2 കിലോമീറ്റര്‍ ഓടാന്‍ എസ് പ്രസോ സിഎന്‍ജിക്കാവുമെന്നാണ് മാരുതി സുസുക്കിയുടെ വാഗ്ദാനം. 55 ലീറ്ററാണ് ഇന്ധന ടാങ്കിന്റെ സംഭരണ ശേഷി. ഡ്യുവല്‍ ഇന്‍ഡിപെന്‍ഡന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്, ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സിസ്റ്റം എന്നിവയും കാറിലുണ്ട്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി സി എന്‍ ജി ഇന്ധനമാക്കുന്ന എസ് പ്രസോ പ്രദര്‍ശിപ്പിച്ചത്. സി എന്‍ ജി കിറ്റ് ഘടിപ്പിക്കുന്നതോടെ കാര്‍ വിലയില്‍ മുക്കാല്‍ ലക്ഷത്തോളം രൂപയുടെ വര്‍ധനയാണ് നേരിടുന്നത്.