വില്‍പ്പനയില്‍ മാരുതിയുടെ നിര്‍ണായക മോഡലാണ് ബ്രെസ്സ. ബ്രെസ്സയുടെ പെട്രോളിനെ വിപണിയില്‍ പുറത്തിറക്കാനുള്ള തിരക്കിലാണ് മാരുതി. ഈ വര്‍ഷം ഒക്ടോബറില്‍ ബ്രെസ്സ പെട്രോളിനെ വിപണിയില്‍ പ്രതീക്ഷിക്കാം. നിലവില്‍ ബ്രെസ്സയുടെ എതിരാളികള്‍ക്കെല്ലാം പെട്രോള്‍ പതിപ്പുകളുണ്ട്.
നികുതിയാനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും വരാനിരിക്കുന്ന ബ്രെസ്സ മോഡലില്‍. അടുത്തിടെ ബലെനോയില്‍ മാരുതി കൊണ്ടുവന്ന 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് SHVS പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിന് പുതിയ ബ്രെസ്സയില്‍ സാധ്യതയേറും.
നിലവില്‍ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി ബ്രെസ്സ ഉപയോഗിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. പുതിയ 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്റെ കാര്യമെടുത്താല്‍, 91 bhp കരുത്തും 120 Nm torque ഉം കുറിക്കാന്‍ യൂണിറ്റിന് ശേഷിയുണ്ട്.