കാംപാക്ട് എസ് യു വി വിപണി പിടിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന ‘വിറ്റാര ബ്രെസ’ ആദ്യമെത്തുക ഡീസല്‍ എന്‍ജിനുമായി മാത്രം. ‘വിറ്റാര ബ്രെസ’യുടെ അവതരണഘട്ടത്തില്‍ പെട്രോള്‍ എന്‍ജിനുള്ള മോഡല്‍ പുറത്തിറക്കേണ്ടെന്നാണത്രെ നിര്‍മാതാക്കളുടെ തീരുമാനം.
ഡീസല്‍ എസ് യു വികള്‍ നിരത്തുവാണിരുന്ന 2012 കാലത്താണ് ‘വിറ്റാര ബ്രെസ’യുടെ വികസന പരിപാടി ആരംഭിച്ചത് എന്നതും ഈ തീരുമാനത്തെ സ്വാധീനിച്ചെന്നു വേണം കരുതാന്‍. പോരെങ്കില്‍ ഇന്ത്യന്‍ വിപണിക്കായി വികസിപ്പിച്ച്, രൂപകല്‍പ്പന ചെയ്ത മോഡല്‍ എന്നതാണു ‘വിറ്റാര ബ്രെസ’യുടെ പ്രധാന സവിശേഷത.
ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നു കരുത്തേകുന്ന 1.3 ലീറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിന്‍ തന്നെയാവും ‘വിറ്റാര ബ്രെസ’യിലും ഇടംപിടിക്കുക. ഫിയറ്റില്‍ നിന്നുള്ള ഈ മള്‍ട്ടിജെറ്റ് എന്‍ജിന്‍ ലൈസന്‍സ് വ്യവസ്ഥയിലാണു മാരുതി സുസുക്കി നിര്‍മിച്ച് ഉപയോഗിക്കുന്നത്. ഇന്ധനകാര്യത്തില്‍ തിരഞ്ഞെടുപ്പിന് അവസരം ഇല്ലാത്തതും പെട്രോള്‍ മോഡലുകള്‍ക്ക് വീണ്ടും സ്വീകാര്യത കൈവരുന്നതുമൊന്നും ‘വിറ്റാര ബ്രെസ’ വില്‍പ്പനയെ ബാധിക്കില്ലെന്നാണു മാരുതി സുസുക്കിയുടെ കണക്കുകൂട്ടല്‍.
ആഭ്യന്തര വിപണിയില്‍ പ്രതിമാസം 10,000 യൂണിറ്റിന്റെ വില്‍പ്പനയാണ് ‘വിറ്റാര ബ്രെസ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ച പിന്നാലെ സാധാരണ ഡീലര്‍ഷിപ്പുകള്‍ വഴി മാര്‍ച്ചില്‍ തന്നെ ‘വിറ്റാര ബ്രെസ’ രാജ്യവ്യാപകമായി വില്‍പ്പനയ്‌ക്കെത്തിക്കാനാണു മാരുതി സുസുക്കി തയാറെടുക്കുന്നത്.
അതേസമയം കയറ്റുമതി ലക്ഷ്യമിട്ടു പെട്രോള്‍ എന്‍ജിനുള്ള ‘വിറ്റാര ബ്രെസ’യും മാരുതി സുസുക്കി ഉല്‍പ്പാദിപ്പിക്കും. പ്രധാനമായും ഇന്തൊനീഷന്‍ വിപണി ലക്ഷ്യമിട്ടുള്ള ഈ കോംപാക്ട് എസ് യു വിക്കു കരുത്തേകുക 1.5 ലീറ്റര്‍, എം സീരീസ് പെട്രോള്‍ എന്‍ജിനാവും.
ഇന്ത്യയില്‍ അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപ വരെയാവും ‘വിറ്റാര ബ്രെസ’യുടെ വിവിധ വകഭേദങ്ങള്‍ക്കു വില. നിലവില്‍ കോംപാക്ട് എസ് യു വി വിപണി വാഴുന്ന ഫോഡ് ‘ഇകോസ്‌പോര്‍ട്’, ഹ്യുണ്ടേയ് ‘ക്രേറ്റ’, മഹീന്ദ്ര ‘ടി യു വി 300’ തുടങ്ങിയവയോടാവും ‘വിറ്റാര ബ്രെസ’യുടെ പോരാട്ടം.