മാരുതി സുസുക്കി ബജറ്റ് കാറുകളില്‍ ഭൂരിഭാഗം മോഡലുകളുടെയും സി.എന്‍.ജി. പതിപ്പുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുകയും സി.എന്‍.ജിക്ക് താരതമ്യേനയുള്ള വില കുറവും ഈ വാഹനത്തിന്റെ വില്‍പ്പനക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രീമിയം റേഞ്ചിലെ വാഹനങ്ങളുടെയും സി.എന്‍.ജി. പതിപ്പ് എത്തിക്കുകയാണ് മാരുതി സുസുക്കി.
മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ എത്തുന്ന ബലേനൊ ഹാച്ച്ബാക്ക്, എക്‌സ്.എല്‍.6 എം.പി.വി. എന്നീ വാഹനങ്ങളുടെ സി.എന്‍.ജി. പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്.എല്‍6-ലെ ഉയര്‍ന്ന വേരിയന്റായ സെറ്റയിലാണ് സി.എന്‍.ജി. നല്‍കിയിട്ടുള്ളത്. 12.24 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. പെട്രോള്‍ സെറ്റ മോഡലിനെക്കാള്‍ 96,000 രൂപ അധിക വിലയാണ് സി.എന്‍.ജി. പതിപ്പിന്.
അതേസമയം, രണ്ട് വേരിയന്റുകളിലാണ് ബലേനൊ സി.എന്‍.ജി. എത്തുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഡെല്‍റ്റ്, സെറ്റ എന്നീ വേരിയന്റുകളാണവ. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 8.28 ലക്ഷം രൂപയും 9.21 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. രണ്ട് വേരിയന്റുകള്‍ക്ക് പെട്രോള്‍ മോഡലിനെക്കാള്‍ 95,000 രൂപയാണ് അധിക വില വരുന്നത്. ബലേനൊ, എക്‌സ്.എല്‍.6 വേരിയന്റുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.