Maruti Suzuki’s Vitara Brezza tops utility vehicle segment in April-August sale

മാരുതിയുടെ ഏറ്റവും അധികം വിജയം നേടിയ വാഹനങ്ങളിലൊന്നാണ് വിറ്റാര ബ്രെസ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഏറ്റവും അധികം വില്‍പ്പന നേടിയ യുട്ടിലിറ്റി വാഹനമാണിത്‌.

മാര്‍ച്ചില്‍ പുറത്തിറങ്ങിയ ബ്രെസയുടെ ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള വില്‍പ്പന 41,484 യൂണിറ്റുകളാണ്.

ഹ്യുണ്ടയ്‌യുടെ ക്രേറ്റയേയും ടൊയോട്ടയുടെ ഇന്നോവയേയും പിന്‍തള്ളിയാണ് ബ്രെസ ഒന്നാം സ്ഥാനത്തെത്തിയത്.

ക്രേറ്റ കഴിഞ്ഞ അഞ്ചുമാസം കൊണ്ട് 39,088 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഇന്നോവയുടെ 35693 യൂണിറ്റുകളാണ് വിറ്റത്. 22673 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്രയുടെ ബലേറോ നാലാം സ്ഥാനത്തെത്തിയപ്പോള്‍ 21558 യൂണിറ്റ് വില്‍പ്പനയുമായി ഫോഡ് ഇക്കോസ്‌പോര്‍ട്ടാണ് അഞ്ചാം സ്ഥാനത്ത്.

ഇതുവരെ ബ്രെസയ്ക്ക് ഒരു ലക്ഷത്തില്‍ അധികം ബുക്കിങ്ങുകള്‍ ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിപണിയില്‍ ലഭിച്ച മികച്ച സ്വീകാര്യത മുന്‍നിര്‍ത്തി വിറ്റാര ബ്രെസയുടെ ഉല്‍പ്പാദനം ഉയര്‍ത്താന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചു.

ജൂലൈ മുതല്‍ പ്രതിമാസം 10,000 ‘വിറ്റാര ബ്രെസ’ ഉല്‍പ്പാദിപ്പിക്കാനായിരുന്നു കമ്പനി തീരുമാനിച്ചത്. മാര്‍ച്ചില്‍ അരങ്ങേറ്റം കുറിച്ച ‘വിറ്റാര ബ്രെസ’യുടെ ഉല്‍പ്പാദനം രണ്ടു തവണ മാരുതി സുസുക്കി വര്‍ദ്ധിപ്പിച്ചിരുന്നു.

ഡീസല്‍ എന്‍ജിനോടെ മാത്രമാണു നിലവില്‍ വിറ്റാര ബ്രെസ വിപണിയിലുള്ളത്. 1.3 ലീറ്റര്‍ നാലു സിലിണ്ടര്‍ ഡി ഡി ഐ എസ് 200 എന്‍ജിന്‍ 4000 ആര്‍ പി എമ്മില്‍ പരമാവധി 89 ബി എച്ച് പി കരുത്തും 1750 ആര്‍ പി എമ്മില്‍ 200 എന്‍ എം വരെ ടോര്‍ക്കുമാണു സൃഷ്ടിക്കുക.

അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയാണു മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യ്ക്കു വാഗ്ദാനം ചെയ്യുന്നത്.

Top