അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്‌കിന്റെ പേര് മാറ്റി. ഇനി മുതല്‍ ‘മേരി, മദര്‍ ഓഫ് ജീസസ്’ എന്നാണ് മോസ്‌ക് അറിയപ്പെടുക.
അബുദാബി കിരീടവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് പുനര്‍നാമകരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.
വിവിധ മതങ്ങള്‍ തമ്മിലുള്ള സാമൂഹിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും മതങ്ങള്‍ക്കിടയിലെ പൊതുവായ സ്വഭാവ സവിശേഷതകള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പേര് മാറ്റിയത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ നടപടിയെ യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് ലുബ്‌ന അല്‍ ഖാസിമി അഭിനന്ദിച്ചു. മാനുഷികതയും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രതിഫലിപ്പിക്കുന്ന നടപടിയാണിതെന്ന് അവര്‍ പറഞ്ഞു.
അബുദാബി എയര്‍പോര്‍ട്ട് റോഡിനു സമീപമാണ് പുനര്‍നാമകരണം ചെയ്ത മോസ്‌ക് സ്ഥിതി ചെയ്യുന്നത്.