മസാലബോണ്ട് കേസ് ; തോമസ് ഐസക്കിന്റെ ഇടപെടല്‍ നിര്‍ണ്ണായകം, രമേശ് ചെന്നിത്തല

തിരുവനന്തപുരം: മസാലബോണ്ടില്‍ തോമസ് ഐസക്കിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാണെന്നും ഇതിന് പിന്നിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല. മസാലബോണ്ട് ഇറക്കുന്ന സമയത്ത് പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യവും ശരിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

സിഡിപിക്യൂ എന്ന കനേഡിയന്‍ കമ്പനിയാണ് മസാലബോണ്ട് വാങ്ങിയത്. ലാവ്‌ലിന്‍ കമ്പനിയുടെ 20% ഓഹരിയും സിഡിപിക്യൂവിനാണ്. ലാവ്‌ലിന്‍ കമ്പനിയെ നിയന്ത്രിക്കാന്‍ ശക്തിയുള്ള കമ്പനിയാണ് മസാല ബോണ്ട് വാങ്ങിയത്. മുഖ്യമന്ത്രിയും ലാവ്‌ലിന്‍ കമ്പനിയും തമ്മിലുള്ള ബന്ധം എല്ലാര്‍ക്കും അറിയാവുന്നതാണെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് മസാലബോണ്ട് വാങ്ങാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയത് എന്തിനാണെന്നും ചോദിച്ചു.

മസാലബോണ്ട് ഇറക്കുന്നത് കൊള്ളയാണെന്ന് അന്ന് പറഞ്ഞിരുവെന്നും ഇന്ന് പുറത്ത് വന്ന കാര്യങ്ങള്‍ എല്ലാം അന്ന് അക്കമിട്ട് താന്‍ പറഞ്ഞ കാര്യങ്ങളാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 9.72% എന്നത് കൊള്ള പലിശയാണ്. വിനാശകരമായ കടക്കെണിയില്‍ എത്തിച്ചതിന്റെ ഉദാഹരണമാണിത്. തോമസ് ഐസക്കിന് ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സാമ്പത്തികമായി തകര്‍ക്കും എന്ന് ബോധ്യം ഉണ്ടായിട്ടും എന്തിനാണ് ധനകാര്യ മന്ത്രി ഇങ്ങനെ ചെയ്തതെന്നും തോമസ് ഐസക്ക് എന്തിന് വാശിപിടിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

2019 മെയ് 17 നാണ് ബോണ്ട് വാങ്ങിയത്. എന്നാല്‍ മാര്‍ച്ച് 26-29 ന് ഇടക്ക് മസാല ബോണ്ടുകളുടെ ഇടപാട് സിഡിപിക്യൂവുമായി നടത്തി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മുഖ്യമന്ത്രി മണി അടിച്ചത് വെറുതെ. കനേഡിയന്‍ കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഇഷ്ടമെന്നും സിഡിപിക്യൂവിന്റെ ഉടമകള്‍ തിരുവനന്തപുരത്ത് വന്നിരുന്നില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അവര്‍ വന്ന കാര്യവും എവിടെ താമസിച്ചു എന്നതുമടക്കം തോമസ് ഐസക്ക് വെളിപ്പെടുത്തട്ടെയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇതിനോടകം എത്ര പണം സിഡിപിക്യൂവിന് തിരിച്ചടച്ചു എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍ക്കൊക്കെയാണ് കമ്മീഷന്‍ ലഭിച്ചത്. എത്രയായിരുന്നു കമ്മീഷന്‍ സിഡിപിക്യൂവിന് എത്ര ലാഭം ലഭിച്ചു തുടങ്ങിയ ചോദ്യങ്ങളും ചെന്നിത്തല ഉയര്‍ത്തി. ഇവയെല്ലാം ഇനി പുറത്ത് വരുമെന്ന് ചൂണ്ടിക്കാണിച്ച രമേശ് ചെന്നിത്തല ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണത്തിന് സഹകരിച്ച് കൂടെയെന്നും എന്തിനാണ് ഒളിച്ച് ഓടുന്നതെന്നും ചോദിച്ചു. ചെയ്യാന്‍ പാടില്ലാത്ത സാമ്പത്തിക കുറ്റമാണ് നടന്നിരിക്കുന്നതെന്നും മുന്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ജന്തര്‍ മന്ദിറില്‍ ആരാണ് യോഗം നടത്തുന്നതെന്നും അവിടെ സമരമാണ് നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. കേന്ദ്രവുമായി ധാരണയെ തുടര്‍ന്നാണ് സമരം നടത്താതെ യോഗം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണെന്നും ഗവര്‍ണറുടേത് നിയമസഭയോടുള്ള അവഹേളനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന് ഇതില്‍ ഒരു പരാതിയും ഇല്ല. സര്‍ക്കാരിന്റെ കാര്യം ഗവര്‍ണര്‍ ചെയ്തു കൊടുക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.

കെ എം മാണിയുടെ പുസ്തകത്തിലെ പരാമര്‍ശത്തിലെ വ്യക്തത താന്‍ ഒരു പുസ്തകം എഴുതുമ്പോള്‍ വ്യക്തമാക്കാമെന്നും യാഥാര്‍ഥ്യം പുസ്തക രൂപത്തില്‍ തന്നെ പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ ഇപ്പോള്‍ എല്ലാം പറഞ്ഞാല്‍ പുസ്തകം ആര് വായിക്കുമെന്നും ചെന്നിത്തല ചോദിച്ചു. രാമനെ എല്ലാവരും ആദരിക്കുന്നു പൂജിക്കുന്നു. എന്നാല്‍ പ്രാണപ്രതിഷ്ഠ ചെയ്യേണ്ടത് പ്രധാനമന്ത്രി ആണോ. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്ഷേത്രത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പണി പൂര്‍ത്തിയാക്കാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്തു. മതേതര രാജ്യത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഒരു ക്ഷേത്രത്തില്‍ പോകുന്നതിനും കോണ്‍ഗ്രസ് എതിരല്ലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top