കേരളത്തിലെ സിനിമ എന്നെ ഞെട്ടിച്ചു, ജോസഫിനെ പ്രശംസിച്ച് ജപ്പാന്‍കാരന്‍

ജോജു ജോര്‍ജ് തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. സിനിമയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ഉണ്ടായിരുന്നത്. ജോജുവിന് ദേശീയ തലത്തില്‍ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. എന്നാല്‍ ജോസഫ് എന്ന സിനിമ കേരളത്തില്‍ മാത്രമല്ല അങ്ങ് ജപ്പാനിലും പേരെടുത്തിരിക്കുകയാണ്. ചിത്രത്തേയും ജോജുവിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മസയോഷി തമുറ എന്ന യുവാവ്. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ ആണ് മസയോഷി തമുറ.

മസയോഷി തമുറയുടെ വാക്കുകള്‍ ഇങ്ങനെയാണ്;

ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് ഞാന്‍. കേരളത്തിലെ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാള്‍ വ്യത്യസ്തം! പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കില്‍ മാത്രമാണ്, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.

Top