തിരുവനന്തപുരം: കേരളത്തെ പിടിമുറുക്കി കൊവിഡ് എന്ന മഹാമാരി പടരുമ്പോള്‍ തന്നെ സമൂഹ വ്യാപനം തടയാനും ക്രമസമാധാനം നിലനിര്‍ത്താനുമായി നെട്ടോട്ടമോടുകയാണ് കേരള പൊലീസ്. ലോകരാജ്യങ്ങള്‍ പോലും കൊവിഡ്19 ന്റെ മുന്നില്‍ മുട്ടുമടക്കുമ്പോള്‍ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ കേരള പൊലീസ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
കൊറോണ വൈറസിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ വളരെ വ്യത്യസ്ഥതയാര്‍ന്ന അവതരണങ്ങളിലൂടെ കേരള പൊലീസിന് സാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായി കേരള പൊലീസ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
പ്രശസ്ത സംവിധായകനായ ദീപു കരുണാകരനാണ് ‘മുഖമേതായാലും മാസ്‌ക് മുഖ്യം’എന്ന പേരില്‍ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മാസ്‌ക്ക് ധരിക്കേണ്ടതിന്റ പ്രധാന്യം മാസ്‌ക്കിനോട് ശരാശരി ഒരു മലയാളി കാണിക്കുന്ന വൈമനസ്യം എന്നിവ കോര്‍ത്തിണക്കി ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിരിക്കുന്നത്.
ഏറെ പ്രാധന്യമുള്ള വിഷയം വളരെ ലളിതമായി ആദ്യ കാഴ്ചയില്‍ തന്നെ മനസിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് അവതരണം. സംഭാഷണങ്ങളില്ലാതായാണ് ആശയം കാണികളിലേക്ക് എത്തിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. തേജാഭായ് ആന്‍ഡ് ഫാമിലി, ക്രേസി ഗോപാലന്‍ ,ഫയര്‍മാന്‍, കരിങ്കുന്നം സിക്സസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ദീപു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ വീട്ടിലിരിക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ബ്രൂണോയെന്ന രണ്ടു വയസുള്ള നായക്കുട്ടിയെ കേന്ദ്രീകരിച്ചുള്ള ബോധവത്കണ വീഡിയോയും ദീപു നേരത്തെ തയ്യാറാക്കിയിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രാജേഷ് ജയകുമാരന്‍ പാച്ചല്ലൂരാണ് ഇതിലെ ഏക കഥാപാത്രം. സിനിമകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
ഇതിന് മുമ്പും കേരള പൊലീസ് ഇത്തരം വ്യത്യസ്തതയാര്‍ന്ന വീഡിയോകള്‍ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. അവയെല്ലാം ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/keralapolice/videos/2909401062619802/