യുഎഇയിൽ ഇനി മാസ്‌ക് നിർബന്ധമല്ല; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദുബൈ: യുഎഇയിൽ കോവിഡ് നിബന്ധനകളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. സ്‌കൂളിൽ അടക്കം മിക്കയിടങ്ങളിലും മാസ്‌ക് ഒഴിവാക്കി. എന്നാൽ, പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കണം. പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. സെപ്തംബർ 28 മുതലാണ് പുതിയ ഇളവുകൾ നിലവിൽ വരുക. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്.

പിസിആർ ടെസ്റ്റെടുക്കുമ്പോൾ ഗ്രീൻപാസിന്റെ കാലാവധി 30 ദിവസമായി വർധിപ്പിച്ചു. കോവിഡ് ബാധിതർക്ക് അഞ്ച് ദിവസം മാത്രം ക്വാറന്റൈൻ മതി. ഭക്ഷണം വിതരണം ചെയ്യുന്നവരും, രോഗലക്ഷണമുള്ളവരും മാസ്‌ക് ധരിക്കണം. സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും മാസ്‌ക് ധരിക്കണമെന്ന് നിർബന്ധമില്ല.

വിമാനങ്ങളിലും മാസ്‌ക് നിർബന്ധമില്ല. എന്നാൽ, വിമാന കമ്പനികൾക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരമാനമെടുക്കാം. നേരത്തെ പൊതുസ്ഥലങ്ങളിൽ മാസ്‌കിന് ഇളവ് നൽകിയിരുന്നു. എന്നാൽ, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായിരുന്നു. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 1000 ദിവസം തികഞ്ഞ ദിനത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

Top