ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടനാ തലവന്‍ മസൂദ് അസ്ഹറിനെ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് വിട്ടയതിനെ ചൊല്ലിയുള്ള വിവാദം രൂക്ഷമാവുന്നു. 1999ലാണ് ജെയ്‌ഷെ മുഹമ്മദ് തലവനെ ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയ് സര്‍ക്കാര്‍ വിട്ടയച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ വിഷയം ഒരു പ്രധാന ആയുധമാക്കിയിരിക്കുകയാണ്. അന്ന് ഇന്റലിജന്‍സ് ബ്യൂറോ അഡിഷണല്‍ ഡയറക്ടറായിരുന്ന അജിത് ദോവൽ അടക്കമുള്ള ആറംഗ സംഘമാണ് ഭീകരരുമായി ചര്‍ച്ചനടത്താന്‍ കാണ്ഡഹാറിലേക്ക് തിരിച്ചത്. 1999 മുതല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നിരന്തരം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബന്ദിയാക്കിയ ഇന്ത്യക്കാരെ ഭീകരര്‍ മോചിപ്പിച്ചത്.
അന്ന് മസൂദ് അസ്ഹറിനെ വിട്ടയച്ചതിന്റെ കാരണങ്ങള്‍ വെളിവാക്കുന്ന അജിത് ദോവലിന്റെ പഴയ അഭിമുഖം പുറത്ത് വിട്ടിരിക്കുകയാണ് ഒരു പ്രമുഖ മാധ്യമം. ഈ അഭിമുഖത്തില്‍ മസൂദ് അസ്ഹറിനെ വിട്ടയയ്ക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അജിത് ദോവൽ പറയുന്നതിങ്ങനെയാണ്
‘ഡിസംബര്‍ 26 ന് ഭീകരരുടെ കൈയില്‍ നിന്ന് ഇന്ത്യക്കാരെ എന്തുവിലകൊടുത്തും മോചിപ്പിക്കണമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അത്രയധികം സമ്മര്‍ദ്ദം സര്‍ക്കാരിനുന് മേലുണ്ടായിരുന്നു. കാണ്ഡഹാറില്‍ വെച്ച് ഭീകരരുമായി വയര്‍ലെസ് മുഖേന സംഭാഷണം തുടങ്ങി. ആവശ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നടക്കണമെന്നായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചത്. 35 ഭീകരരെ മോചിപ്പിക്കുക, 20 കോടി അമേരിക്കന്‍ ഡോളര്‍, കൊല്ലപ്പെട്ട ഭീകരന്‍ സജ്ജാദ് അഫ്ഗാനിയുടെ മൃതദേഹം വിട്ടുനല്‍കുക തുടങ്ങിയവയാണ് അവര്‍ ആദ്യം മുന്നോട്ടുവെച്ച ആവശ്യം.
‘വിലപേശലുകള്‍ തുടരവെ 20 കോടി ഡോളറും സജ്ജാദ് അഫ്ഗാനിയുടെ മൃതദേഹവും നല്‍കണമെന്ന ആവശ്യം അവര്‍ ഉപേക്ഷിച്ചു. ഇവ രണ്ടും സാധിക്കില്ലെന്നും അത് ആവശ്യപ്പെടുന്നത് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭീകരരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് തങ്ങള്‍ നല്‍കിയ പട്ടികയിലുള്ള 35 ഭീകരരെ മോചിപ്പിക്കണമെന്ന് അവര്‍ കര്‍ശന നിലപാടെടുത്തു. അതിന് വഴങ്ങിയില്ലെങ്കില്‍ വിമാനമുള്‍പ്പെടെ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ ചാവേറുകളാണ് മരണത്തില്‍ ഭയമില്ല എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഭീഷണി മുഴക്കി.
നിരവധി ആവശ്യങ്ങളാണ് ഭീകരര്‍ ഉന്നയിച്ചത്. കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് വരെ അവര്‍ ആവശ്യപ്പെട്ടു. ഇതിനെല്ലാം ഒടുവിലാണ് മസൂദ് അസ്ഹറിനെ മോചനവും അവര്‍ ആവശ്യപ്പെടുന്നത്. ഒടുവില്‍ 35 ഭീകരരെ ആവശ്യപ്പെട്ടിടത്തുനിന്ന് മൂന്നു ഭീകരരെ മോചിപ്പിക്കാമെന്ന് സമ്മതിച്ച് ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കുകയായിരുന്നു.
ഒരു സൈനിക നടപടി അസാധ്യമായിരുന്നു. കരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അഫ്ഗാനിലേക്ക് ധ്രുതഗതിയിലുള്ള സേനാവിന്യാസത്തിന് പാക്കിസ്ഥാന്റെ അറിവും സമ്മതവും അനിവാര്യമായിരുന്നു. അതൊരിക്കലും സാധിക്കുമായിരുന്നില്ല. അഥവാ ഇനി എങ്ങനെയെങ്കിലും സൈനിക നടപടി തുടങ്ങിയാല്‍ ഭീകരര്‍ അതിനുമുമ്പേ വിമാനം ഇന്ത്യക്കാരോടൊപ്പം തകര്‍ത്തു കളയുമായിരുന്നു” .
ഈ സംഭാഷണ ശകലം പുറത്ത് വന്നതോടെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരണവുമായ് രംഗത്തെത്തിയിരുന്നു. ഇതുപോലെ തന്നെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് നല്‍കിയ ഒരു അഭിമുഖത്തിലും ദോവൽ മസൂദ് അസ്ഹറിനെ മോചിപ്പിച്ചതിനെ ന്യായീകരിക്കുന്നതായി രണ്‍ദീപ് സിങ് പറയുന്നു.
ഈ അഭിമുഖത്തില്‍ മസൂദ് അസ്ഹറിനെക്കുറിച്ച് അജിത് ദോവൽ പറയുന്നത് ഇങ്ങനെയാണ് ‘ഞാന്‍ നിരവധി ഭീകരരെ കണ്ടിട്ടുണ്ട്, ജീവനോടെയും അല്ലാതെയും. മസൂദ് അസ്ഹറിന് ഒരു ബോംബ് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് അറിയില്ല. അയാള്‍ വെടിവയ്ക്കുന്നതില്‍ വിദഗ്ധനുമല്ല. മസൂദ് അസറിനെ വിട്ടയച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നു.’ മസൂദ് അസ്ഹർ അടക്കമുള്ളവരെ വിട്ടയച്ചതുകൊണ്ട് വലിയ പരാജയമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു
മസൂദ് അസറിനെ വിട്ടയച്ചതിനു ശേഷമാണ് ഏഴു വര്‍ഷമായി മുടങ്ങിക്കിടന്ന തെരഞ്ഞെടുപ്പുകള്‍ ജമ്മു കശ്മീരില്‍ നടക്കാന്‍ തുടങ്ങിയത്. കശ്മിരില്‍ വലിയ തോതില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും തുടങ്ങി. മസൂദ് അസറിനെ മോചിപ്പിച്ചതിനു ശേഷം ജമ്മു കശ്മീരില്‍ ടൂറിസം 200% വളര്‍ച്ച നേടിയെന്നും ദോവൽ ഈ അഭിമുഖത്തില്‍ പറയുന്നു.