വാഷിങ്ടന്‍: പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മോശക്കാരനാണെന്നും അയാളെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്നും അമേരിക്ക.
മസൂദിനെ ഭീകരരുടെ പട്ടികയില്‍ ചേര്‍ക്കാനുള്ള യുഎന്‍ ശ്രമത്തിന് കഴിഞ്ഞയാഴ്ച ചൈന വീറ്റോ നല്‍കിയിരുന്നു. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കൊണ്ടുവന്ന നിര്‍ദേശം നാലാം തവണയാണ് ചൈന വീറ്റോ ചെയ്യുന്നത്.
അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. വളരെ രഹസ്യമായതിനാല്‍ അതേക്കുറിച്ച് കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹെതര്‍ ന്യുര്‍ട്ട് പറഞ്ഞു.
അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ വീറ്റോ ചെയ്തതിനെക്കുറിച്ച് നിങ്ങള്‍ ചൈനീസ് സര്‍ക്കാരിനോടുതന്നെ ചോദിക്കണം. അയാളൊരു മോശക്കാരനാണെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. അവരെ വിദേശ ഭീകരസംഘടനകളുടെ പട്ടികയിലുള്‍പ്പെടുത്തി യുഎസ് നിയമത്തിനു കീഴില്‍ കൊണ്ടുവരികയാണു വേണ്ടതെന്നും ഹെതര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ജയ്‌ഷെ മുഹമ്മദിനെ യുഎന്നിന്റെ നിരോധിത ഭീകരസംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമെന്ന നിലയിലാണ് മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിലുള്‍പ്പെടുത്തുന്നതിനെതിരെ ചൈന പ്രവര്‍ത്തിക്കുന്നത്. 15 അംഗ കൗണ്‍സിലില്‍ ചൈന മാത്രമാണ് ഈ നീക്കത്തിന് എതിരുനില്‍ക്കുന്നത്.
അസ്ഹറിനെ നിരോധിത പട്ടികയിലുള്‍പ്പെടുത്തിയാല്‍ സ്വത്ത് മരവിപ്പിക്കുക, യാത്രാതടസ്സം കൊണ്ടുവരിക എന്നിവയ്ക്കു സാധിക്കും. 2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണമടക്കം ഒട്ടേറെ ആക്രമണങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ ചുക്കാന്‍ പിടിച്ചയാളാണ് മസൂദ് അസ്ഹര്‍.