മസൂദ് അസറിനെ കാണാനില്ല; പാകിസ്ഥാന്റെ വാദം തള്ളി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ കാണാനില്ലെന്ന പാകിസ്ഥാന്റെ വാദം തള്ളി ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍. പാകിസ്ഥാന്‍ സൈന്യവും ഐഎസ്ഐയും മസൂദ് അസ്ഹറിനെ സുരക്ഷിതവാളത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ് വിശദമാക്കുന്നത്.

മസൂദ് അസറും കുടുംബവും കാണാതായിട്ടില്ലെന്നും ബഹാവല്‍പൂരിലെ ഒളിത്താവളത്തില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കനത്ത സുരക്ഷയിലാണ് മസൂദ് അസര്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. മര്‍കസ് ഉസ്മാന്‍ ഒ അലി എന്ന് വിളിക്കുന്ന ഇവിടം ജയ്‌ഷെ മുഹമ്മദിന്റെ പുതിയ ആസ്ഥാനമാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ബഹാവല്‍പൂര്‍, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളിലെ വീടുകളില്‍ മസൂദ് അസ്ഹര്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

മസൂദ് അസറിനെ കാണാനില്ലെന്ന് പാക് ധനകാര്യമന്ത്രി ഹമ്മാദ് അസര്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ പാരിസില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായായിരുന്നു ഹമ്മാദ് അസറിന്റെ പ്രതികരണം. കാണാനില്ലാത്തതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായില്ലെന്നായിരുന്നു പാക് ധനകാര്യമന്ത്രിയുടെ വാദം.

നേരത്തെ ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Top