രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് സാധ്യത; മസൂദ് അസ്ഹര്‍ ജയില്‍ മോചിതനായെന്ന് . . .

ന്യൂഡല്‍ഹി: രാജ്യത്ത് പാക്കിസ്ഥാന്‍ ഭീകരാക്രണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്. ദേശിയ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിട്ടുണ്ട്.

കാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ പ്രതികാരമെന്നോണം രാജസ്ഥാനിലെ സിയാല്‍കോട്ട് – ജമ്മുവില്‍ ആക്രമണം നടത്താനാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് രഹസ്യവിവരം. ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള നടപടി പാക്കിസ്ഥാന്‍ ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങള്‍ക്കും അതിര്‍ത്തി സുരക്ഷാ സേനയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായ രീതിയില്‍ തിരിച്ചടിക്കാനും സേനാ വിഭാഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനകളുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് ഐബി നല്‍കുന്ന വിവരം.

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹര്‍. 2001ലെ പാര്‍ലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുല്‍വാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നല്‍കിയത് മസൂദ് അസ്ഹര്‍ ആണ്.

Top