കൂടത്തായി കൂട്ട കൊലപാതകം; മൂന്നാം പ്രതി പ്രജികുമാറിന് നിബന്ധനകളോടെ ജാമ്യം

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ടോം തോമസ്, മഞ്ചാടി മാത്യു എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ജാമ്യം. നേരത്തെ മറ്റ് മൂന്ന് കേസുകളില്‍ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് കേസുകളിലും പ്രജികുമാറിന് ജാമ്യം കിട്ടി.

നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രജികുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ പ്രജികുമാറിന് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ, രണ്ട് ആള്‍ ജാമ്യം എന്നീ വ്യവസ്ഥളിന്മേലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ കോഴിക്കോട് ജില്ലക്ക് പുറത്ത് പോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളും ഉണ്ട്.

അതേസമയം, കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി ജയിലില്‍ ജയിലില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ചതായി ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ മൂന്നു വട്ടം വിളിച്ചെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെമോ വിലക്കിയിട്ടും ജോളി വിളിക്കുകയായിരുന്നെന്നും മറ്റ് സാക്ഷികളെയും വിളിച്ചിട്ടുണ്ടാകാമെന്നും കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരിയും കേസിലെ പ്രധാന സാക്ഷിയുമായ രഞ്ജി പറഞ്ഞു.

Top