തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തിയതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ സബ് കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംഭവം. തൃശ്ശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തി എന്നാണ് പരാതി. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് സംഭവം. ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും, പങ്കെടുക്കണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടത്. പെട്ടെന്നു വന്ന അറിയിപ്പ് ആയതിനാല്‍ ഓഫീസര്‍ പറയുന്നത് അനുസരിക്കാനേ ജീവനക്കാര്‍ക്കു കഴിഞ്ഞുള്ളൂ. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരായതിനാല്‍ നിര്‍ദേശം ധിക്കരിക്കാനും പലര്‍ക്കും ധൈര്യം വന്നില്ല.
ഇതേ ഓഫീസിലുള്ള ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും, ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രാര്‍ഥന സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയിന്മേല്‍ ആണ് ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.