കുട്ടനാട്ടിലെ കൂട്ട രാജി; സിപിഎമ്മിന്റെ അടിയന്തര യോഗം ഇന്ന്; മന്ത്രി സജി ചെറിയാൻ പങ്കെടുക്കും

ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ പ്രവർത്തകർ കൂട്ടരാജി സമർപ്പിച്ച പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാനായി സിപിഎം ഏരിയാ കമ്മിറ്റി ഇന്ന് അടിയന്തര യോ​ഗം ചേരും. മന്ത്രി സജി ചെറിയാൻ യോ​ഗത്തിൽ പങ്കെടുക്കും. വിഷയത്തില്‍ അടിയന്തരമായി ഇടപെടാൻ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജിയില്‍ കലാശിച്ചത്. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടി വിട്ടത്. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര്‍ നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്.

കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സി ഡി എസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടര്‍ ആരോപിക്കുന്നു.

Top