ട്രെയിനിലെ കൂട്ടക്കൊല; പ്രതിയെ നാര്‍ക്കോ അനാലിസിസിന് നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി

മുംബൈ: ജയ്പൂര്‍ മുംബൈ സെന്‍ട്രെല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നാല് പേരെ വെടി വച്ച് കൊലപ്പെടുത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ നാര്‍ക്കോ അനാലിസിസിന് നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി. മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കുറ്റാരോപിതനോട് ടെസ്റ്റിന് വിധേയമാകാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ടെസ്റ്റിന് വിധേയനാകുമ്പോള്‍ സംസാരിക്കാതിരിക്കാനുള്ള അവകാശം ഭരണഘടന ഒരാള്‍ക്ക് നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.

പ്രതിയുടെ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, പ്രോളിഗ്രാഫ് ടെസ്റ്റ് എന്നിവ വേണമെന്ന ആവശ്യവുമായി പ്രോസിക്യൂഷനാണ് കോടതിയെ സമീപിച്ചത്. നേരത്തെ പൊലീസ് കസ്റ്റഡിയില്‍ ടെസ്റ്റുകള്‍ക്ക് വിധേയനാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച ചേതന്‍ സിംഗ് കോടതി സമ്മതം ചോദിച്ചതോടെ നിലപാട് മാറ്റുകയായിരുന്നു. സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് കോടതി തീരുമാനം. കുറ്റാരോപിതന്‍ ടെസ്റ്റിന് തയ്യാറല്ലെങ്കില്‍ ഇത്തരം പരിശോധന അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കോടതി നീരീക്ഷിച്ചു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചേതന്‍ സിംഗുള്ളത്. കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതിന് പിന്നാലെയാണ് നാര്‍ക്കോ അനാലിസിസ് വേണമെന്ന പൊലീസ് അവശ്യപ്പെട്ടത്. ആര്‍ പി എഫ് ഉദ്യോഗസ്ഥനായ പ്രതി ചേതന്‍ സിങ്ങിനെതിരെ നേരത്തെ പൊലീസ് മതസ്പര്‍ധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തില്‍ ഐ പി സി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ജൂലൈ 31 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ചേതന്‍ സിങ് നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Top