മണിപ്പൂരില്‍ വന്‍ ബാങ്ക് കൊള്ള; ആയുധധാരികള്‍ 18.85 കോടി രൂപ കവര്‍ന്നു

ഇംഫാല്‍:മണിപ്പൂരില്‍ ആയുധങ്ങളുമായെത്തിയ സംഘം ബാങ്ക് കൊള്ളയടിച്ച് 18.85 കോടി കവര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉക്‌റുള്‍ ടൗണ്‍ ശാഖയിലാണ് സംഭവം നടന്നത്. ആയുധധാരികളായ പത്തംഗസംഘം ഇന്നലെ വൈകുന്നേരം 5.40ഓടെ കവര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അത്യാധുനിക ആയുധങ്ങളുമായി മുഖംമൂടി ധരിച്ച അജ്ഞാതരാണ് കവര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പിഎന്‍ബിയുമായി ലയിക്കുകയായിരുന്നു. കവര്‍ച്ച നടക്കുമ്പോള്‍ സുരക്ഷാ ചുമതലയുള്ള മണിപ്പൂര്‍ റൈഫിള്‍സിന്റെ ഏകദേശം എട്ട് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സംവിധാനങ്ങളെയെല്ലാം മറികടന്നായിരുന്നു കവര്‍ച്ച. കവര്‍ച്ച നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെല്ലാവരും സ്ഥലത്തില്ലായിരുന്നുവെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആധുനിക തോക്കുകള്‍ ഉള്‍പ്പെടെ ഒലിവ് പച്ചയും കാക്കിയും നിറമുള്ള യൂണിഫോമുകളും ട്രാക്ക് സ്യൂട്ടുകളും ധരിച്ച പത്തംഗ സംഘമാണ് ബാങ്കില്‍ കവര്‍ച്ചക്കെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഉഖ്രാള്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യും. നേരത്തെ മെയ് ആദ്യവാരം മണിപ്പൂര്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ കാങ്പോക്പി ശാഖയിലും വലിയ കവര്‍ച്ച നടന്നിരുന്നു. കമ്പ്യൂട്ടറുകളും ഇലക്ട്രേണിക്സ് ഉപകരങ്ങളും അടക്കം ഒരു കോടി രൂപ വിലവരുന്ന വസ്തുക്കളാണ് അന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. മണിപ്പൂര്‍ കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ചയുടെ വിവരം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Top